തിരുവനന്തപുരം: ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35ന് ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍-3 കുതിച്ചുയരും.
ചന്ദ്രോപരിതല രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. ഇസ്രൊയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എല്‍വിഎം-3 ആണ് ചന്ദ്രയാന്‍-3 നെ ബഹിരാകാശത്ത് എത്തിക്കാന്‍ പോകുന്നത്.
വിക്ഷേപണം കഴിഞ്ഞ് 16-ാം മിനുറ്റില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ ഏറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക.
അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടിക്കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. അവസാനം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചാന്ദ്രയാന്‍-3 ലാന്‍ഡര്‍ വേര്‍പ്പെടുക.അതിന് ശേഷം ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് 30 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും 100 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും.
ഇവിടെ നിന്നാണ് നിര്‍ണായകമായ ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാല്‍ 20 മിനുട്ട് കൊണ്ട് ലാന്‍ഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കുമത്. ലാന്‍ഡിംഗ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക്. പിന്നീട് 14 ദിവസം നീളുന്ന പര്യവേഷണം. ചന്ദ്രയാന്‍-2 ന്റെ അപാകതകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മൂന്നാം ദൗത്യത്തില്‍ വിജയപ്രതീക്ഷയിലാണ് ഇസ്രോ.
Discussion about this post