ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ഇന്ന് വിക്ഷേപിക്കും. ഇന്ന് ഉച്ചകഴിഞ്ഞു 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്, ഫാറ്റ് ബോയി എന്നു വിളിപ്പേരുള്ള എല്‍വിഎം 3 എം 4 റോക്കറ്റിലാണ് വിക്ഷേപണം. ഇന്നലെ ഉച്ചയ്ക്ക് 1.05ഓടെ 25 മണിക്കൂര്‍ 30 മിനിറ്റ് നീളുന്ന കൗണ്ട് ഡൗണിന് തുടക്കമായിരുന്നു.
ആഭ്യന്തര, അന്തര്‍ദേശീയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാന്‍ കഴിവുള്ള ഏറ്റവും വലുതും ഭാരമേറിയതുമായ വിക്ഷേപണ വാഹനംകൂടിയാണിത്. മനുഷ്യനെ ബഹിരകാശത്തു കൊണ്ടുപോകുന്ന ഗഗന്‍യാന്‍ പദ്ധതിക്കു ഉപയോഗിക്കുന്നത് എല്‍വിഎം 3 യുടെ രൂപമാറ്റം വരുത്തിയ വാഹനമാണ്. വിക്ഷേപണത്തിനു മുന്പുള്ള ലോഞ്ച് റിഹേഴ്‌സലും റെഡിനെസ് അനാലിസിസും കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു.
40 ദിവസത്തിനു ശേഷമാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. 2019ലെ ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവ്യറ്റ് യൂണിയന്‍ എന്നിവ മാത്രമാണു മുന്പ് ഈ നേട്ടം കൈവരിച്ചത്.
ചന്ദ്രോപരിതലത്തില്‍ മൃദുവായി ഇറങ്ങാനും റോവര്‍ ഉപയോഗിച്ച് പര്യവേക്ഷണം നടത്താനുമാണ് ചന്ദ്രയാന്‍ 3 ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍ മൊഡ്യൂള്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നു. ചന്ദ്രയാന്‍ 3ല്‍ കഴിഞ്ഞതവണത്തെ ദൗത്യത്തെ അപേക്ഷിച്ച് കൂടുതല്‍ ഇന്ധനവും സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
ചില പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അത്തരം പിഴവുകള്‍ സംഭവിച്ചാലും റോവര്‍ ചന്ദ്രനില്‍ വിജയകരമായി ഇറങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡറിലുള്ള 25 കിലോ ഭാരം വരുന്ന റോവര്‍ എന്ന ചെറുവണ്ടി ചന്ദ്രോപരിതലത്തില്‍ ഓടി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തും. ചന്ദ്രയാന്‍ 2ല്‍നിന്നു വ്യത്യസ്തമായി വിജയാധിഷ്ഠിത രൂപകല്പനയ്ക്കു പകരം ചന്ദ്രയാന്‍ 3ല്‍ പരാജയത്തെ അടിസ്ഥാനമാക്കിയുള്ള രൂപകല്പനയാണു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.
സെന്‍സര്‍ പരാജയം, എന്‍ജിന്‍ തകരാര്‍, അല്‍ഗോരിതം തകരാര്‍, കണക്കുകൂട്ടല്‍ തകരാര്‍ എന്നിങ്ങനെ നിരവധി പരാജയ സാധ്യതകള്‍ തങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഏതു തകരാര്‍ ഉണ്ടായാലും ലാന്‍ഡറിനെ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദൗത്യത്തില്‍ ലാന്‍ഡറിന് ഇറങ്ങാന്‍ കണക്കാക്കിയിരുന്ന ഭൂപ്രദേശത്തിന്റെ അളവ് 500 x 500 മീറ്റര്‍ ആയിരുന്നെങ്കില്‍ ഇത്തവണ അത് 4 x 2.5 കിലോമീറ്റര്‍ ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനു മുന്നോടിയായി ഇന്നലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ സംഘം ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
Discussion about this post