ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളി പരിസരത്ത് സര്‍വേ നടത്താനുള്ള വാരണാസി ജില്ലാക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് പള്ളി പരിസരത്ത് സര്‍വേ നടത്താനുള്ള ഉത്തരവ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് ലഭിച്ചത്. ഇതനുസരിച്ച് ഇന്ന് രാവിലെ 7മണിക്ക് സര്‍വേ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പള്ളിക്കമ്മിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 45 മിനുട്ട് നീണ്ട ദീര്‍ഘമായ വാദത്തിന് ശേഷമാണ് സുപ്രീം കോടതി സര്‍വേ തടഞ്ഞ് ഉത്തരവിറക്കിയത്. ബുധനാഴ്ച വരെ സര്‍വേ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശിവലിംഗം കണ്ടെന്ന്അവകാശപ്പെടുന്ന ഭാഗമൊഴികെ പള്ളി വളപ്പിലെ മുഴുവന്‍ ഇടങ്ങളും പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയോട് വാരണാസി ജില്ലാക്കോടതിനിര്‍ദ്ദേശിച്ചിരുന്നു. ആഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ജില്ലാകോടതിയുടെ നിര്‍ദേശം. ഇതിലാണ് സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
മസ്ജിദ് വളപ്പില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാനുളള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
Discussion about this post