കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദപരാമര്‍ശത്തില്‍ കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ വിശ്വഹിന്ദു പരിഷത് ഒരുങ്ങുന്നു. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിംഗ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാന്‍ കഴിയാത്ത തെറ്റാണു സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ പറഞ്ഞു.
ഹിന്ദുവിന്റെ വിശ്വാസപ്രമാണങ്ങളെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനും യോഗത്തില്‍ തീരുമാനമായി.
എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്.രാജീവ് ആണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
ജൂലായ് 21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി -സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കര്‍ വിവാദ പ്രസംഗം നടത്തിയത്.
Discussion about this post