ലണ്ടന്‍: യുഡിഫ് യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടന്നു. ലണ്ടനില്‍ ഇതിനു മുന്‍പ് മറ്റൊരു ജന നായകനും ലഭിക്കാത്ത അത്രയും വിപുലമായ അനുശോചനമാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്. ‘ജനനായകന്‍ ജനമനസ്സുകളില്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം അവിസ്മരണീയമായി.
ലണ്ടനില്‍ ഈസ്റ്റ് ഹാമിലെ ഗുരുമിഷന്‍ ഹാളില്‍ ഞായറാഴ്ച്ച വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലണ്ടന്‍ മലയാളികളിലെ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഉമ്മന്‍ചാണ്ടിയുടെ ഛായാ ചിത്രത്തിന് മുന്‍പില്‍ ദീപം തെളിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനം, അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ ഏതാനും മിനിറ്റുകള്‍ മൗനം ആചരിച്ചു.
ഉമ്മന്‍ചാണ്ടി ജന ഹൃദയങ്ങളില്‍ എന്നും ജീവിക്കുന്ന ഒരു നേതാവായിരിക്കും എന്ന് സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടു നിരവധി ആളുകള്‍ സംസാരിച്ചു. ലണ്ടനിലെ വിവിധങ്ങളായ ബോറോകളിലെ കൗണ്‍സിലര്‍മാര്‍, എക്‌സ് കൗണ്‍സിലര്‍മാര്‍, ഒഐസിസി, ഐഒസി, കെഎംസിസി തുടങ്ങിയ സംഘടനകളിലെ പ്രതിനിധികള്‍ ഇടതു പക്ഷ സഹയാത്രികര്‍, ലണ്ടനിലെ വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, പത്ര പ്രതിനിധികള്‍ വിവിധ രാഷ്ട്രീയ സംഘടനകളിലെ നിരവധി പ്രവര്‍ത്തകര്‍ അനുഭാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന് കരീം മാസ്റ്റര്‍ (കെഎംസിസി) സ്വാഗതവും ഗിരി മാധവന്‍ നന്ദിയും പറഞ്ഞു. ഒഐസിസി, ഐഒസി, കെഎംസിസി തുടങ്ങിയ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ഈ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
ഓമന ഗംഗാധരന്‍ (മുന്‍ സിവിക് മേയര്‍ ന്യൂഹാം), ഫിലിപ്പ് എബ്രഹാം (കൗണ്‍സിലര്‍), ജോസ് അലക്‌സാണ്ടര്‍ (മുന്‍ കൗണ്‍സിലര്‍ ന്യൂഹാം), സുഗതന്‍ തെക്കേപ്പുര (മുന്‍ കൗണ്‍സിലര്‍ ന്യൂഹാം), കെ കെ മോഹന്‍ദാസ് (ഒഐസിസി), അസൈനാര്‍ (കെഎംസിസി), ജെയ്സണ്‍ ജോര്‍ജ്, സുജു ഡാനിയേല്‍, ഡോ. ജോഷി ജോസഫ്, പ്രസാദ് കൊച്ചുവിള, ബിജു ഗോപിനാഥ്, ജവാഹര്‍ലാല്‍, അന്‍സാര്‍ അലി തുടങ്ങി മുപ്പതിലധികം പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.
Discussion about this post