കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ അതിഥി തൊഴിലാളി കാമ്പുകളില്‍ എക്‌സൈസ് റെയ്ഡ്. ആലുവ മേഖലയിലെ 50ഓളം ഇടങ്ങളിലാണ് ഇന്നു രാവിലെ പരിശോധന നടന്നത്. കുന്നത്തേരിയില്‍ ഒരു അതിഥി തൊഴിലാളി കാമ്പില്‍നിന്ന് റെയ്ഡില്‍ കഞ്ചാവ് പിടികൂടി. കൊലപാതകത്തിന് പിന്നാലെ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന.
പ്രതി അസ്ഫാഖ് ആലത്തിന്റെ ആലുവയിലെ താമസ സ്ഥലത്തും എക്സൈസ് വിശദമായ പരിശോധന നടത്തി. പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ ഇവിടെനിന്നു കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. വിപുലമായ പരിശോധനകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു.
അതേസമയം, കേസില്‍ റിമാന്‍ഡിലായ പ്രതി അസ്ഫാഖ് ആലത്തിനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
കസ്റ്റഡി അപേക്ഷ കൊച്ചിയിലെ പോസ്‌കോ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം 14 ദിവസത്തേക്ക് റിമാന്‍ഡിലായ പ്രതി ആലുവ സബ് ജയിലിലാണുള്ളത്. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം ഒമ്പത് വകുപ്പുകളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തില്‍ പ്രതിയുടെ കൃത്യമായ പങ്കാളിത്തം, തെളിവുകള്‍ ശേഖരിക്കലുമാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുന്നതിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. പ്രതി മുമ്പ് സമാനമായ കൊലപാതകം നടത്തിയുണ്ടോ, ആലുവ കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം വ്യക്തത വരുത്തും. തെളിവെടുപ്പില്‍ പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സുരക്ഷയും പോലീസ് ഒരുക്കും. സംഭവത്തില്‍ പോലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണത്തിനാണ് പോലീസും തയാറെടുക്കുന്നത്.
Discussion about this post