തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.
അഞ്ച് തവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭാംഗമായി. മൂന്ന് പ്രാവശ്യം മന്ത്രിയായിരുന്നു. രണ്ട് തവണ എംപിയായിട്ടുണ്ട്. ത്രിപുര, മിസോറാം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കറായ വ്യക്തിയെന്ന ബഹുമതിയും വക്കം പുരുഷോത്തമന്റെ പേരിലാണ്. കേരളം കണ്ട ഏറ്റവും കര്‍ക്കശകാരനായ സ്പീക്കര്‍ എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.
1928 ഏപ്രില്‍ 12ന് ആറ്റിങ്ങലിലെ വക്കത്ത് ജനിച്ച അദ്ദേഹം സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീടാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ എത്തിയത്.
2004ല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന്‍ അതേ വര്‍ഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു.
Discussion about this post