
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ തൂക്കിലേറ്റാന്‍ വിധിച്ച മൂന്നു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതി എട്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. പ്രതികളായ മുരുകന്‍ എന്ന ശ്രീഹരന്‍, ടി.സുതേന്ദ്രരാജ എന്ന ശാന്തന്‍, അറിവ് എന്ന എ.ജി. പേരറിവാളന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് സ്‌റ്റേ ചെയ്തത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് സപ്തംബര്‍ ഒമ്പതിന് ഇവരുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. ദയാഹര്‍ജി തള്ളിയത് പുനരവലോകനം ചെയ്യണമെന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീലിനോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കുകയും ചെയ്തു.
പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയെന്ന വാര്‍ത്ത കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ അത്യാവേശത്തോടെയാണ് വരവേറ്റത്. തമിഴകത്തെ ജനവികാരവും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അഭ്യര്‍ഥനയും കണക്കിലെടുത്താണ് പ്രമേയം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. പ്രതികളുടെ ദയാഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നുമാണ് നിയമസഭ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്.
പ്രതികളുടെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് 11 വര്‍ഷം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. നാഗപ്പനും ജസ്റ്റിസ് എം. സത്യനാരായണനുമടങ്ങിയ ഡിവിഷന്‍ബെഞ്ച് ചൊവ്വാഴ്ച വിധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സംസ്ഥാന ജയില്‍ ഡി.ജി.പിയും എട്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിധി പുറത്തുവന്നതോടെ കോടതിക്കുള്ളിലും പുറത്തുമായി തിങ്ങിനിറഞ്ഞുനിന്ന ആയിരക്കണക്കിനു വരുന്ന പുരുഷാരം ആഹ്ലാദാരവം മുഴക്കി.
പ്രതികളിലൊരാളായ പേരറിവാളന്റെ അമ്മ അര്‍പുദമ്മാളും സഹോദരി അന്‍പുമണിയും സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. പ്രതികള്‍ക്കുവേണ്ടി വാദിക്കാനെത്തിയ അഭിഭാഷകന്‍ രാംജേഠ്മലാനിയെ മുദ്രാവാക്യം വിളികളോടെയാണ് ജനം എതിരേറ്റത്. തമിഴകത്തുടനീളം വിവിധ സംഘടനകള്‍ പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആഹ്ലാദം പ്രകടിപ്പിച്ചു.
തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ പുതിയൊരു ദയാഹര്‍ജി കഴിഞ്ഞദിവസം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതായി കോടതിയില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാളായ കൊളിന്‍ ഗൊണ്‍സാല്‍വസ് വെളിപ്പെടുത്തി. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിയുടെ ഭാഗത്തു നിന്നുണ്ടായ അസാധാരണമായ കാലതാമസം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഭാഗം അഭിഭാഷകന്‍ രാംജേഠ്മലാനി വാദിച്ചത്. ‘വധശിക്ഷ നടപ്പാക്കാന്‍ 30 നിമിഷം മതി. പക്ഷേ, ഒരാളെ ആയിരം തവണ തൂക്കിക്കൊല്ലുന്നത് കടുത്ത അനീതിയാണ്. 11 വര്‍ഷവും നാലുമാസവും കഴിഞ്ഞാണ് ദയാഹര്‍ജിയില്‍ തീരുമാനം വരുന്നത്’. മരണത്തിന്റെ നിഴലില്‍ ഒരാളെ ഇങ്ങനെ പീഡിപ്പിക്കുന്നത് നീതികേടാണെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്’ രാംജേഠ്മലാനി പറഞ്ഞു. ദയാഹര്‍ജിയിന്മേല്‍ തീരുമാനമെടുക്കാന്‍ ഇത്രയും കാലതാമസമുണ്ടായത് ഗുരുതരമായ നിയമപ്രശ്‌നങ്ങളുയര്‍ത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
സുപ്രീംകോടതി വധശിക്ഷ ശരിവെച്ചതിനെത്തുടര്‍ന്ന് രണ്ടായിരത്തിലാണ് പ്രതികളില്‍ ഒരാളായ പേരറിവാളന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയിലുള്ള തീരുമാനം അറിയുന്നതിന് പലതവണ പേരറിവാളന്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പക്ഷേ, 11 വര്‍ഷവും നാലുമാസവും കഴിഞ്ഞ് ഈ ആഗസ്ത് 12നാണ് രാഷ്ട്രപതിയുടെ തീരുമാനം വന്നത്. 1991ല്‍ രാജീവ് വധക്കേസില്‍ അറസ്റ്റിലാവുമ്പോള്‍ പേരറിവാളന് 19 വയസ്സായിരുന്നു.
എം.ഡി.എം.കെ. നേതാവ് വൈകോ അഭിഭാഷക വേഷത്തിലാണ് കോടതിയിലെത്തിയത്. മുതിര്‍ന്ന അഭിഭാഷകയായ ആര്‍. വൈഗൈയും പ്രതികള്‍ക്കുവേണ്ടി ഹാജരായി. കേന്ദ്രസര്‍ക്കാറിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രവീന്ദ്രനും തമിഴ്‌നാട് സര്‍ക്കാറിനുവേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ നവനീത് കൃഷ്ണനും ഹാജരായി.
Discussion about this post