തിരുവനന്തപുരം: തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഏതെങ്കിലും മതത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന ആളല്ല താനെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
‘പറഞ്ഞ് പറഞ്ഞ് എവിടേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഞാന്‍ പറഞ്ഞത് ശരിയാണെന്ന നിലയില്‍ തന്നെയാണ് പലരും സംസാരിച്ചിട്ടുള്ളത്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണ്. ഒരിക്കല്‍ കൂടി അടിവരയിട്ട് ആവര്‍ത്തിക്കുകയാണ്, എനിക്ക് മുമ്പ് പലരും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്, അതേ ഞാനും പറഞ്ഞിട്ടുള്ളൂ. അത് ഏതെങ്കിലുമൊരു മതവിശ്വാസിയെ വേദനിപ്പിക്കാനല്ല.’- അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയ്ക്കകത്ത് ഒരു ഹേറ്റ് ക്യാംപയിന്‍ നടക്കുകയാണ് ഇപ്പോള്‍. കേരളം ഒരു പരിധിവരെ അതിനെ തടയിട്ട് നിര്‍ത്തിയിട്ടുണ്ട്. ആ ഹേറ്റ് ക്യാംപയിന്‍ ഇവിടെ തുടങ്ങാനുള്ള ശ്രമമാണ്. അതിനെ കേരള സമൂഹം തള്ളും. വിശ്വാസ സമൂഹം തള്ളും. മതവിശ്വാസികള്‍ എന്റെ കൂടെയാണ്. പലരും എനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല.’- ഷംസീര്‍ പറഞ്ഞു. ശാസ്ത്ര ബോധം വളര്‍ത്തണം എന്നത് എങ്ങനെ മതവിരുദ്ധമാകുമെന്നും അദ്ദേഹം ചോദിച്ചു. പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം ഈ മാസം ഏഴിന് തുടങ്ങുമെന്നും സ്പീക്കര്‍ അറിയിച്ചു.
Discussion about this post