ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. പരമാവധി ശിക്ഷ നല്‍കിയതിന്റെ കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ലോക്സഭാ എംപി സ്ഥാനത്തുനിന്നുള്ള രാഹലിന്റെ അയോഗ്യത നീങ്ങും.
അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.ആര്‍. ഗവായ്, ജസ്റ്റീസ് പി.എസ്. നരസിംഹ, ജസ്റ്റീസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റ് വീതമാണ് കോടതി അനുവദിച്ചതെങ്കിലും പിന്നീട് വാദം നീണ്ടു. മനു അഭിഷേക് സിംഗ്വിയാണ് രാഹുലിന് വേണ്ടി ഹാജരായത്. രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സാക്ഷി പോലും പറഞ്ഞിട്ടില്ല. പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണ്.
എന്നാല്‍ മനഃപൂര്‍വം നടത്തിയ പ്രസ്താവനയാണിതെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി കോടതിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു.
സ്ഥിരം ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ആളാണ് രാഹുലെന്നായിരുന്നു വാദം. ഈ ശിക്ഷയില്‍നിന്ന് രാഹുലിന് ഒരു സന്ദേശം ലഭിക്കണമെന്നും ജഠ്മലാനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post