ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഭരണമാറ്റം അനിവാര്യമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. പിണറായി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനില്‍ ആരോപിച്ചു.
‘അടുത്ത തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ അധികാരത്തിലേറ്റുമെന്ന് ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളും കുംഭകോണങ്ങളുമുണ്ടായത്. സംസ്ഥാനത്ത് വര്‍ഗീയതയും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നത് ഇക്കാലത്താണ്. ഏറ്റവും ഒടുവില്‍, മുഖ്യമന്ത്രിയുടെ മകള്‍ തന്നെ സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നു. സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇതുപോലെ പണം വാങ്ങിയ ആളുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നേതാക്കന്മാരും മാദ്ധ്യമ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്.’- അനില്‍ ആന്റണി ആരോപിച്ചു.
‘സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന്, കേരളത്തില്‍ ഭരണമാറ്റം ഉണ്ടായേ തീരൂ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ബിജെപിയെ അധികാരത്തിലേറ്റുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഇത്രയും അഴിമതി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ബിജെപി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്.’ – അനില്‍ ആന്റണി പറഞ്ഞു.
Discussion about this post