തിരുവനന്തപുരം: മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
”ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്.
കൊളോണിയല്‍ ഭരണത്തിനെതിരെ ധീരരക്തസാക്ഷികള്‍ ഉള്‍പ്പെടെ അനേകം ദേശാഭിമാനികള്‍ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.
ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പ്പന്നമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്തവിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. ഇന്ത്യയില്‍ ഭാഷാ സംസ്ഥാനങ്ങളും ഫെഡറല്‍ വ്യവസ്ഥയുമെല്ലാം ഉണ്ടാകുന്നതും ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍ നിന്നുമാണ്.
സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്”.
Discussion about this post