വര്‍ക്കല: ഇന്ത്യയുടെ നവോത്ഥാനത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിവേചനങ്ങള്‍ക്കതീതമായ ഇന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു.വര്‍ക്കല നാരായണ ഗുരുകുലത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷം ബ്രഹ്മവിദ്യാ മന്ദിരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരാണിക കാലത്ത് തത്വചിന്തകരായ സന്യാസിമാരുടെയും ആത്മീയ സാക്ഷാത്കാരത്തിന്റെയും നാടായിരുന്നു ഭാരതം. സാമുദായികമായ അടിച്ചമര്‍ത്തലിനും ആര്‍ഭാടത്തിനുമെതിരെ നിലകൊണ്ട ഗൗതമ ബുദ്ധന്റെയും മഹാവീരന്റെയും നാടാണ്. സംസ്‌കാരത്തിലും ഭാഷയിലും ആചാരങ്ങളിലും ഏറെ വൈവിദ്ധ്യങ്ങളുള്ള നാട്. തത്വചിന്ത, ആത്മീയത തുടങ്ങിയ മേഖലയിലും ഈ വൈവിദ്ധ്യം പ്രകടമാണ്.അദ്വൈത സിദ്ധാന്തത്തിന് ശ്രീനാരായണ ഗുരുദേവന്‍ വിപുലമായ പ്രചാരണം നല്‍കി. കേരളത്തിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ 2021-ല്‍ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെന്ന നിലയില്‍ താനെത്തിയപ്പോള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗുരുദേവന്റെ വാക്കുകളാണ് ഉദ്ധരിച്ചത്. വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും ശാക്തീകരണത്തിനും കാരണമാകുമെന്ന് ഗുരു പറഞ്ഞിരുന്നു.
എക്കാലവും നിലനില്‍ക്കുന്ന സമൂഹിക പരിഷ്‌കാരങ്ങളുടെ പാരമ്പര്യം ഗുരുദേവന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അതിന്റെ പ്രതിദ്ധ്വനി ഇന്നും കേരളത്തില്‍ മുഴങ്ങുന്നുണ്ട്. ജാതി, ലിംഗ വിവേചനങ്ങള്‍ക്കും അസ്പൃശ്യതയ്ക്കുമെതിരെ ഗുരുദേവന്‍ നടത്തിയ പോരാട്ടങ്ങള്‍ ഇപ്പോഴത്തെ തലമുറയെയും പ്രചോദിപ്പിക്കുന്നതാണ്. വിവേചനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത സമരങ്ങളിലെ ഒരു വഴിത്തിരിവായിരുന്നു വൈക്കം സത്യഗ്രഹം. ഇത് ക്ഷേത്ര പ്രവേശനത്തിന് വഴി തെളിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന ഗുരുവചനം മാനവരാശിയുടെ ഏകത്വത്തെക്കുറിച്ചുള്ള ദര്‍ശനമാണ്. ഗുരുദേവന്‍ അരുള്‍ ചെയ്ത വിദ്യാഭ്യാസ പരിവര്‍ത്തന ശക്തിയുടെ ഉദാഹരണമായ നാരായണ ഗുരുകുലം ഒരു നൂറ്റാണ്ടിനു ശേഷവും കര്‍മ്മത്താല്‍ സജീവമാണ്- രാംനാഥ് കോവിന്ദ് പറഞ്ഞു.
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. നാരായണ ഗുരുകുലം ഗുരു മുനിനാരായണ പ്രസാദ് ആമുഖ പ്രഭാഷണവും ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. അടൂര്‍ പ്രകാശ് എം.പി, വി.ജോയ് എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.കെ.സാബു സ്വാഗതം പറഞ്ഞു.
Discussion about this post