സസ്യഫലസമൃദ്ധിയും പുഷ്പസമൃദ്ധിയും നാടൊട്ടുക്ക് പങ്കുവയ്ക്കുന്ന മലയാളനാടിന്റെ കാർഷിക ഉത്സവമാണ് ചിങ്ങമാസത്തിലെ ഓണം..ഭൗതികവിഭവസമൃദ്ധിയും സമ്പന്നതയും അതിന്റെ പാരമ്യതയിലെത്തുമ്പോൾ ദാനത്തിലേക്കും ത്യാഗത്തിലേക്കും വികസിക്കണമെന്നതാണ് ഓണത്തിന്റെ ഐതിഹ്യപെരുമ!!ആചരണങ്ങളെ അന്ത:സത്ത അറിഞ്ഞ് പരിപാലിക്കുന്നതിനു പകരം യാന്ത്രികമായി പിന്തുടരാനാണ് മുഖ്യധാരാസമൂഹം പലപ്പോഴും തയ്യാറാവുക.
അതുകൊണ്ട് അടിസ്ഥാനതാല്പര്യത്തെ തന്നെ നഷ്ടപ്പെടുത്തി ആചരണങ്ങളുടെ പുറന്തോട് പേറുന്നവരായി പലപ്പോഴും നാം പരിണമിക്കാറുണ്ട്. മലയാളികളുടെ ഓണത്തിനും ഇങ്ങനെയൊരു പരിണതി വന്നു ചേർന്നിട്ടില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറികളും തമിഴ്നാട്ടിൽ നിന്നുള്ള പൂക്കളുമാണ് പതിറ്റാണ്ടുകളായി നമ്മുടെ ഓണക്കാലത്തെ വർണ്ണാഭവും വിഭവസമൃദ്ധവുമാക്കുന്നത്.
എന്നാൽ അതേ സമയം പ്രത്യാശയുണർത്തുന്ന പൊന്നോണമുദ്രകൾ നമ്മുടെ നാടിന്റെ സാംസ്കാരിക ഭൂമികയെ മങ്ങാതെയും കെടാതെയും ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ സാംസ്കാരികത്തനിമയിലേക്കും കലാരൂപങ്ങളി ലേക്കും കായികവിനോദങ്ങളിലേക്കും പിന്തിരിഞ്ഞു നോക്കാനും അവയെ പുനരാവിഷ്കരിക്കാനും ഉള്ള സൗഭാഗ്യം ഓണക്കാലം നമുക്ക് സമ്മാനിക്കുന്നു.
ഭക്ഷണവും വസ്ത്രവും ഭാഷയും ഒരു നാടിന്റെ സംസ്കൃതിയുടെ മുഖമുദ്രകളാണ്. സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ തനതു സംസ്കൃതിയുടെ മടിത്തട്ടിലേക്ക് ആണ്ടിലൊരിക്കൽ എങ്കിലും കൊണ്ടെത്തിക്കാൻ ഓണക്കാലത്തിന് സാധിക്കുന്നു.
തൃക്കാക്കരവാമനമൂർത്തിക്ഷേത്രത്തിലെ ആചരണപ്പെരുമയിൽ നിന്നുമിറങ്ങിവന്ന് കേരളത്തിന്റെ ചരിത്രത്താളുകളിലൂടെ ബഹുദൂരം സഞ്ചരിച്ച് പുരാണകഥകളിൽ മുതൽ തെയ്യക്കോലങ്ങളിൽ വരെ നിറഞ്ഞാടി മലയാളമനസ്സിനെ ധന്യമാക്കുന്ന കേരളത്തിന്റെ ദേശീയോത്സവത്തെ ഒരിക്കൽ കൂടി വരവേല്ക്കുമ്പോൾ, കാർഷിക വിഭവങ്ങളിലും പൂക്കളുടെ വർണ്ണവൈവിധ്യത്തിലും സ്വയംപര്യാപ്തവും സമ്പന്നവും ആയ ഒരു ഭാവികേരളത്തെക്കൂടി വരവേല്ക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്.
മഹാത്യാഗമാണ് മഹാബലി. എന്നാൽ ഭൗതികസമൃദ്ധി ആരിലാണ് അഹങ്കാരത്തിന്റെയും അധിനിവേശത്വരയുടെയും വിത്തുകൾ പാകാതിരിക്കുക!!!മികച്ച ഭരണാധികാരിയായിരുന്നിട്ടും “അതിരുകടന്ന”അധിനിവേശത്വരയാണ് മഹാബലിയെ വലച്ചത്. ബലിയെ നിഷ്കാസിതനാക്കാൻ വാമനമൂർത്തി പ്രവർത്തിച്ചതിലെ ധാർമ്മികചോദനയും അതുതന്നെ. ഭാരതീയരാഷ്ട്രതന്ത്രമര്യാദയനുസരിച്ച് ഒരു ഭരണകർത്താവും തന്റെ സാംസ്കാരിക ധാരയുടെ “അതിരു”വിട്ട് ഭരണം നടത്താൻ തുനിയുകരുത്. രാക്ഷസരാജാവായ രാവണനെ വധിച്ച ശ്രീരാമൻ താൻ തന്നെ ലങ്കാധിപനാവുകയല്ല ചെയ്തത്.രാക്ഷസവംശജനായ വിഭീഷണനെ (ആ സംസ്കൃതിയുടെ തന്നെ പിൻഗാമിയെ)ഭരണാധികാരിയായി അഭിഷേകം ചെയ്യുകയാണല്ലോ ഭഗവാൻ ചെയ്തത്. കംസനെ വധിച്ച ശ്രീകൃഷ്ണൻ ഉഗ്രസേനനെയാണ് രാജാവാക്കുന്നത്.
നരകാസുരനിഗ്രഹത്തിനുശേഷം പ്രാഗ് ജ്യോതിഷത്തിന്റെ ഭരണം ശ്രീകൃഷ്ണഭഗവാൻ ഏറ്റെടുക്കുകയല്ല ചെയ്തത്.നരകാസുരപുത്രനെ വാഴിക്കുകയാണുണ്ടായത്.നമുക്ക് നമ്മുടെ സാംസ്കാരിക പാരമ്പര്യം ആദരണീയമാണ് എന്നതുപോലെ മറ്റു ജനസമൂഹങ്ങൾക്കും അവരവരുടെ സ്വസംസ്കൃതിയിൽ നിലകൊള്ളാനും വികസിക്കാനും വേണ്ട സമീപനം കൈക്കൊള്ളണം എന്നത് ഏറ്റവും വിശാലമൂല്യങ്ങളുള്ള ഒരു പ്രാക്തനസംസ്കൃതിയുടെ മുഖമുദ്ര ആയിരുന്നു എന്ന് നമുക്ക് അഭിമാനിക്കാം. എന്നാൽ “മൂവുലകും”അടക്കി ഭരിച്ച മഹാബലി ഈ രാഷ്ട്ര തന്ത്ര മര്യാദയുടെ അതിരുകൾ ലംഘിച്ചു. വാമനമൂർത്തി ആ അസുരരാജാവിനെ നേർവഴി നയിച്ചു.
“പദം തൃതീയം കുരു ശീർഷ്ണിമേനിജം” എന്ന അഭ്യർത്ഥിച്ച് പ്രീതിയോടേ സ്വയം തിരുത്താൻ തയ്യാറായി ടത്താണ് മഹാബലിയുടെ ഔന്നത്യം.അതു കൊണ്ടുതന്നെ അസുരചക്രവർത്തി മഹാ ത്യാഗത്തിന്റെ പതാകാവാഹകനായി ഭവിച്ചു.ഭരണനിർവ്വഹണത്തിലെ മികവുമാത്രമാണ് അധികാരത്തിനുള്ള മാനദണ്ഡമെങ്കിൽ ബ്രിട്ടീഷ്കാർ ഇന്ത്യഭരിച്ചത് എത്രയോ മികച്ച ഭരണമായിരുന്നു എന്ന് രാഷ്ട്രീയ ചരിത്രകാരൻമാർ നിരീക്ഷിക്കുന്നുണ്ടല്ലോ?! സ്വാതന്ത്ര്യ സമരം ഭരണമികവിനോ വികസനത്തിനോ വേണ്ടി ആയിരുന്നില്ല. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ പിന്തുടർച്ചാവകാശത്തിനുവേണ്ടിയുള്ളതായിരുന്നു എന്നർത്ഥം. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്.അത് നേടുക തന്നെ ചെയ്യും എന്ന് ഉദ്ഘോഷിച്ച ലോകമാന്യതിലകൻ ഈ വിളംബരമാണ് ലോകത്തോട് നടത്തിയത്.
പുതിയ കാലഘട്ടത്തിലെ ഓണത്തെ വരവേല്ക്കുമ്പോൾ ഈ രാഷ്ട്രീയ പാഠങ്ങളും നാം പഠിക്കേണ്ടതായുണ്ട്. ഒരു നാടിന്റെ ഭരണം കേവലം ക്ഷേമകാര്യ നിർവ്വഹണം മാത്രമല്ല എന്നും അത് സാംസ്കാരികപാരമ്പര്യധാരയുടെ അനസ്യൂതമായ തുടർപ്രവാഹത്തെ പോഷിപ്പിക്കാനും ത്വരിതപ്പെടുത്താനുമുള്ള ദൗത്യംകൂടിയാണെന്നും ഭരണാധികാരികളുടെ ഉള്ളിലുറയ്ക്കണം. ജനാധിപത്യത്തിന്റെ പ്രതലത്തിൽ ആവുമ്പോൾ ഈ ജാഗ്രത ഓരോ വ്യക്തിക്കും ഉണ്ടാവണം. ഇതത്രെ മഹാബലിയെ നേർവഴി നയിച്ച തൃക്കാക്കരയപ്പനെ വരവേല്ക്കുമ്പോൾ ഓർമ്മിക്കേണ്ട ഗൗരവതരമായ കാലികപ്രസക്തമായ സന്ദേശം.
പി.എസ്.മോഹനൻ,കൊട്ടിയൂർ (9846024284)
Discussion about this post