ചെന്നൈ: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി അന്തരിച്ചു. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്. ചാന്ദ്രയാന്‍ 3 ഉള്‍പ്പെടെയുളള ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞയാണ് എന്‍ വളര്‍മതി. ചാന്ദ്രയാന്‍-3 ന്റെ കൗണ്ട്ഡൗണ്‍ അറിയിപ്പുകള്‍ നല്‍കിയിരുന്നതും വളര്‍മതിയായിരുന്നു.
ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകള്‍ക്ക് വളര്‍മതിയുടെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാന്‍-3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍. 1984ലാണ് വളര്‍മതി ഐഎസ്ആര്‍ഒയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയായ എന്‍.വളര്‍മതി ഇന്‍സാറ്റ് 2എ, ഐആര്‍എസ് ഐസി, ഐആര്‍എസ് ഐഡി, ടിഇഎസ് ഉള്‍പ്പെടെയുള്ള ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ ഗവണ്‍മെന്റ് കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദവും, ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി.
ഇന്ത്യ സ്വന്തമായി വികസിപ്പെടുത്ത റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്1 ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ടി.കെ.അനുരാധയ്ക്കുശേഷം ഒരു വലിയ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ ആകുന്ന രണ്ടാമത്തെ വനിതയായിരുന്നു വളര്‍മതി. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹയായ വനിതയാണ് അവര്‍.
Discussion about this post