കോഴിക്കോട്: കോഴിക്കോട് അസ്വാഭാവികമായി മരിച്ച രണ്ട് പേര്‍ക്കും നിപ രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലത്തിലാണ് നിപ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ സംഘം ഉടന്‍ കേരളത്തിലെത്തും. സംശയമുള്ള നാല് സാമ്പിളുകളുടെ പരിശോധന ഫലം കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് രണ്ട് മരണവും സംഭവിച്ചത്. ഇവര്‍ക്ക് നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇവരില്‍ ഒരാളുടെ മൂന്ന് ബന്ധുക്കളും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിപ സംശയം ഉയര്‍ന്നതോടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
ആരോഗ്യ മന്ത്രി കോഴിക്കോടെത്തി ജില്ലയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മരണമടഞ്ഞവരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നല്‍കുന്നുണ്ട്. പ്രതിരോധപ്രവര്‍ത്തനവും ജാഗ്രതയും പ്രധാനമാണ്. ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
Discussion about this post