തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കിയത്. പഴങ്ങള്‍ കഴിച്ചിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനാ ഫലമാണിത്.
അതേസമയം, സംസ്ഥാനത്ത് നിലവില്‍ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മറ്റൊരു ആരോഗ്യപ്രവര്‍ത്തകനും രോഗലക്ഷണമുണ്ട്.
കോഴിക്കോട് അടുത്ത പത്ത് ദിവസം എല്ലാ പൊതുപരിപാടികളും നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലാ -സാംസ്‌കാരിക, കായിക പരിപാടികളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. വിവാഹ സത്കാരങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കോഴിക്കോട് ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ പരീക്ഷകള്‍ മാറ്റിവച്ചു. പിന്നീട് പ്രത്യേക പരീക്ഷ നടത്തും.
Discussion about this post