ന്യൂഡല്‍ഹി: കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് കാനഡയിലെ ഇന്ത്യന്‍ വിസ സര്‍വീസ് നിര്‍ത്തിവച്ചത്. ബിഎല്‍എസ് എന്ന സ്വകാര്യ ഏജന്‍സി വഴിയാണ് അറിയിപ്പ് ഉണ്ടായത്.
ഖാലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇന്ന് മറ്റൊരു ഖാലിസ്താന്‍ ഭീകരവാദി കൂടി കാനഡയില്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെത്തുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കാശ്മീര്‍ അടക്കമുള്ള പ്രദേശങ്ങളിലേയ്ക്ക് പോകരുത്, മണിപ്പൂര്‍, അസം പോലുള്ള സ്ഥലങ്ങളില്‍ അത്യാവശ്യമെങ്കില്‍ മാത്രം സഞ്ചരിക്കുക. ഇന്ത്യയില്‍ എവിടെ പോകുന്നുണ്ടെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.
ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഖാലിസ്താനികളുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളില്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിസ സര്‍വീസുകളും നിര്‍ത്തിവച്ചത്.
Discussion about this post