ചെന്നൈ: വിഗ്രഹ നിര്‍മാണശാലകള്‍ അടച്ചുപൂട്ടിയ തമിഴ്നാട് സര്‍ക്കാറിന്റെ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി. ഗണേശ വിഗ്രഹങ്ങള്‍ ജലാശായങ്ങളില്‍ നിമജ്ജനം ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ന്യായം പറഞ്ഞാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ വിഗ്രഹ നിര്‍മാണശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. ഒപ്പം കടകളില്‍ വിഗ്രഹ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി തമിഴ്നാട്ടില്‍ ഗണേശ വിഗ്രഹ വില്‍പ്പന ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരുന്നു സര്‍ക്കാരിന്റെ നടപടി.
പാളയംകോട്ടയില്‍ വിഗ്രഹ നിര്‍മാണം നടത്തുന്ന രാജസ്ഥാന്‍ സ്വദേശി പ്രകാശ് നല്കിയ ഹര്‍ജിയിലാണ് ഡിഎംകെ സര്‍ക്കാരിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. വിഗ്രഹ നിമജ്ജനം ചെയ്യുന്നത് നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ വില്‍പ്പന തടയുന്നത് വില്പന തടയുന്നത് ഹരജിക്കാരന്റെ മൗലികാവകാശത്തിന്റെ ലംഘനത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.നിര്‍മിച്ച വിഗ്രഹങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഹരജിക്കാരനെ തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഗണേശ ചതുര്‍ത്ഥി മുന്നില്‍ കണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡ പ്രകാരമാണ് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചത്. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അനുവദനീയമായ അളവില്‍ മാത്രമേ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ചിട്ടുള്ളൂവെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. എന്നിട്ടും വിഗ്രഹങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് പോലീസ് തടയുകയായിരുന്നുവെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി. രാമസുബ്ബു ഹൈക്കോടതിയെ ബോധിപ്പിച്ചു.
വിഗ്രഹങ്ങള്‍ വില്‍പ്പന തടസ്സപ്പെട്ടാല്‍ സാമ്പത്തികമായി തകരുമെന്നും വലിയ തുക കടം വാങ്ങിയാണ് നിര്‍മാണം തുടങ്ങിയതെന്നും ഹരജിക്കാരന്‍ കോടതിയില്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നാണ് വിഗ്രഹങ്ങള്‍ വില്കുന്നതില്‍ നിന്ന് ഹര്‍ജിക്കാരനെ തടഞ്ഞതെന്ന വാദമാണ് അധികൃതര്‍ ഉന്നയിച്ചത്.
പരിസ്ഥിതി സൗഹൃദമായി നിര്‍മ്മിക്കുന്ന വിഗ്രഹങ്ങളുടെ
വില്‍പ്പന തടയുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. പോലീസോ സര്‍ക്കാര്‍ അധികൃതരോ കച്ചവടത്തിന് നഷ്ടം ഉണ്ടാക്കിയാല്‍ നഷ്ടപരിഹാരം നല്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post