തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി 1937ലാണ് ആനത്തലവട്ടം ആനന്ദന്‍ ജനിച്ചത്. 1956ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടില്‍ അംഗമായത്. 1979 മുതല്‍ 84 വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1985ല്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗമായി.
ആറ്റിങ്ങലില്‍ നിന്ന് 1987, 1996, 2006 വര്‍ഷങ്ങളില്‍ നിയമസഭാംഗമായിരുന്നു. 1991ല്‍ മത്സരിച്ചിരുന്നെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ശരത്ചന്ദ്ര പ്രസാദിനോട് പരാജയപ്പെട്ടു. 2006 – 11 വരെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സി പി എമ്മിന്റെ പ്രധാന പ്രാസംഗികനായിരുന്നു. സി ഐ ടി യു ദേശീയ വൈസ് പ്രസിഡന്റാണ്. കൂടാതെ അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് പ്രസിഡന്റുമാണ്.കയര്‍മിത്രാ പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സി കേശവന്‍ സ്മാരക പുരസ്‌കാരം അടക്കമുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.
Discussion about this post