തിരുവനന്തപുരം : പൊതു നിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് ഉള്‍പ്പെടെ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് 1000 മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ചുമത്തുന്ന ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.
വിസര്‍ജ്യവും മാലിന്യങ്ങളും ജലാശയത്തിലോ ജലസ്രോതസിലോ തള്ളുന്നതും, കക്കൂസ് മാലിന്യം ഒഴുക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. കൃത്യമായ മാലിന്യ നിര്‍മ്മാജ്ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. സ്ഥാപന മേധാവിമാര്‍ക്കെതിരെയാകും നടപടി. വീടുകളും സ്ഥാപനങ്ങളും മാലിന്യ ശേഖരണത്തിനുള്ള യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കണം. അടയ്ക്കാത്തവര്‍ക്കെതിരെ പിഴയോടു കൂടി യൂസര്‍ ഫീ ഈടാക്കുന്നതിനുള്ള നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപടി തുടങ്ങും.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5,000 രൂപ പിഴയായി ഈടാക്കും. മാലിന്യസംസ്‌കരണ പദ്ധതികള്‍ക്ക് സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു പ്രവൃത്തി ദിവസം മുമ്പെങ്കിലും തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെയും ലൈസന്‍സ് ഇല്ലാതെയും നൂറിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയോ ഒത്തുകൂടലോ പാടില്ല. മാലിന്യം തരംതിരിച്ച് ഏജന്‍സികള്‍ക്ക് കൈമാറുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യം ശേഖരിക്കുന്നതിന് മാസം തോറും യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ മൂന്നു മാസം കഴിയുന്ന മുറയ്ക്ക് 50 ശതമാനം പിഴ സഹിതമാകും ഈടാക്കുക. ആളൊഴിഞ്ഞ വീടുകളെ യൂസര്‍ ഫീയില്‍ നിന്ന് ഒഴിവാക്കും.
ഓരോ പ്രദേശത്തേയും മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരും ജനപ്രതിനിധിയും നിരീക്ഷിക്കും. പൊതുസ്ഥലത്ത് മാലിന്യം കൂടിയാല്‍ സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ ശിക്ഷ നേരിടേണ്ടിവരും.
നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. സാധാരണ നിയമലംഘനങ്ങള്‍ക്ക് 1000 മുതല്‍ 10,000 രൂപവരെ പിഴ ഈടാക്കാന്‍ സെക്രട്ടറിക്ക് അധികാരം. മാലിന്യ നിക്ഷേപം സംബന്ധിച്ച് കുറ്റകൃത്യത്തിന്റെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം. വിവരം തെറ്റാണെങ്കില്‍ 10,000 രൂപ പിഴ.
Discussion about this post