ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേ ഗ്രൂപ്പ് മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍(25) കൊലക്കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് ഡല്‍ഹി സാകേത് കോടതി. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരാണ് കുറ്റക്കാര്‍.
ആദ്യനാല് പ്രതികള്‍ കൊലപാതകത്തിലും മോഷണവും നടത്തിയെന്ന് കോടതി കണ്ടെത്തി. മറ്റു പ്രതികളെ സഹായിച്ചതാണ് അഞ്ചാം പ്രതി അജയ് സേത്തിയുടെ കുറ്റം. ശിക്ഷ പിന്നീട് പ്രസ്താവിക്കും. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി. 2008 സെപ്റ്റംബര്‍ 30ന് ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ വെച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്. വസന്ത് കുഞ്ച് പ്രദേശത്തിന് സമീപം കാറില്‍ മരിച്ചനിലയിലായിരുന്നു സൗമ്യ.
വാഹനാപകത്തില്‍ മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ തലയില്‍ വെടിയേറ്റതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. കേസില്‍ ആദ്യം പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കോള്‍ സെന്റര്‍ എക്സിക്യുട്ടീവ് ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രവി കപൂര്‍, അമിത് ശുക്ല എന്നീ രണ്ട് പ്രതികളെ അറസ്റ്റുചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സൗമ്യ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
രണ്ട് കൊലപാതകത്തിലും മെറൂണ്‍ നിറമുള്ള ഒരേ കാര്‍ ആയിരുന്നു പ്രതികള്‍ ഉപയോഗിച്ചിരുന്നത്. 2009 മാര്‍ച്ചില്‍ പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കേസില്‍ എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് 13 വര്‍ഷത്തിലേറെ സമയമെടുത്തു.
Discussion about this post