ന്യൂഡല്‍ഹി: നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്കും ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കാണ് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന 37 ഓളം സ്വകാര്യ ആസ്പത്രികള്‍ സര്‍ക്കാര്‍ ഭൂമിയിലോ സര്‍ക്കാര്‍ സഹായം സ്വീകരിച്ചോ ആണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 27 ആശുപത്രികള്‍ മാത്രമാണ് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നത്. ഒ.പി. വിഭാഗത്തില്‍ 25 ശതമാനവും വാര്‍ഡുകളില്‍ 10 ശതമാനവും പാവപ്പെട്ട രോഗികള്‍ക്കായി നീക്കാന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞു. ഈ ഉത്തരവാദിത്തം കര്‍ശനമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവെക്കുകയാണ് ചെയ്തത്. ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രന്‍, എ.കെ.പട്‌നായിക് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
Discussion about this post