തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേരളത്തിലെത്തും. ഈ മാസം 30ന് എന്‍.ഡി.എയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനത്തിനാണ് നദ്ദ എത്തുന്നത്. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാനതല ‘ജനജാഗരണയാത്ര’യുടെ ഉദ്ഘാടനത്തിന് ഡിസംബര്‍ രണ്ടാംവാരത്തിലാണ് അമിത്ഷാ എത്തുക.തിരുവനന്തപുരത്ത് നടക്കുന്ന വന്‍ റാലിയെ ഷാ അഭിസംബോധന ചെയ്യും.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് സുരേന്ദ്രന്റെ യാത്ര. സംസ്ഥാനത്തെ 20ലോക്‌സഭാമണ്ഡങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയെ 25000ത്തോളം പ്രവര്‍ത്തകര്‍ അനുഗമിക്കും. പ്രധാനകേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കും.
ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിഭരണത്തിനെതിരെയും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള പ്രശ്‌നങ്ങളില്‍ നീതിതേടിയുമാണ് എന്‍.ഡി.എയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ഇടതുസര്‍ക്കാരിന്റെ അഴിമതിഭരണം ചെറുക്കാന്‍ ബി.ജെ.പി.എന്ന പ്രചാരണ മുന്നേറ്റമാണ് പാര്‍ട്ടി ആലോചിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ 20 വരെ സംസ്ഥാന വ്യാപകമായി 2000ത്തോളം കേന്ദ്രങ്ങളില്‍ സായാഹ്നകവലയോഗങ്ങള്‍ നടത്തും. കരുവന്നൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് യോഗങ്ങള്‍.
സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ സമരങ്ങള്‍ അവസാനിപ്പിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് ബി.ജെ.പിയെ സംഘടനാപരമായി അടിമുടി മാറ്റാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ഗൗരവത്തോടെ രാഷ്ട്രീയത്തെ സമീപിക്കാനുമാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അനാവശ്യപ്രസ്താവനങ്ങള്‍ ഇറക്കുന്നതിന് സംസ്ഥാനനേതൃത്വത്തിനടക്കം വിലക്കുണ്ട്. മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിക്കുന്ന നേതാവിന് മാത്രമാണ് അവസരം. ചാനല്‍ ചര്‍ച്ചകളില്‍ വസ്തുതാധിഷ്ഠിതമല്ലാതെ സംസാരിക്കുന്നവരെ പിന്‍വലിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് നവംബര്‍ മൂന്നാംവാരം പരിശീലന ശിബിരം നടത്തുന്നുണ്ട്. സംസ്ഥാനത്ത് 2900ത്തോളം ജനപ്രതിനിധികളുണ്ട്. എങ്ങനെ പാര്‍ട്ടി സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാമെന്നും ഭരണപങ്കാളിത്തം എങ്ങനെ വിനിയോഗിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശം നല്‍കും.
Discussion about this post