ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിന് 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിനുള്ള കരാര്‍ കേന്ദ്രം റദ്ദാക്കി. എന്‍എച്ച് 47-ലെ ചേര്‍ത്തല -കഴക്കൂട്ടം വികസന കരാറാണ് ദേശീയപാത അഥോറിറ്റി റദ്ദാക്കിയത്.
ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ ഈ തീരുമാനത്തെ തുടര്‍ന്ന് കേരളത്തിലെ ദേശീയപാത വികസനം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായി. റോഡിന്റെ പുതിയ അലൈമെന്റ് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിശ്ചയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
45 മീറ്ററില്‍ കുറഞ്ഞ വീതിയില്‍ ദേശീയപാത വികസനം അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് കരാര്‍ റദ്ദു ചെയ്‌തിരിക്കുന്നത്. ദേശീയപാത 47-ല്‍ സൊമാടെക് എന്ന കമ്പനിക്കായിരുന്നു നിര്‍മാണക്കരാര്‍. ചേര്‍ത്തല -ഓച്ചിറ, ഓച്ചിറ – കഴക്കൂട്ടം എന്നിങ്ങനെ രണ്ടുഭാഗങ്ങളിലെ കരാറാണ് റദ്ദുചെയ്‌തിരിക്കുന്നത്.
കേരളത്തിലെ ദേശീയപാത വികസനത്തിന് 30 മീറ്റര്‍ വീതിയില്‍ സ്ഥലം മാത്രം മതിയെന്നായിരുന്നു സംസ്ഥാന നിലപാട്. ഇതുസംബന്ധിച്ച് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.
എന്നാല്‍, 30 മീറ്റര്‍ മതിയെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും വീതി 45 മീറ്ററെങ്കിലും വേണമെന്നും കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി യോഗത്തെ അറിയിക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്ര സെക്രട്ടറി ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും.
കേന്ദ്രത്തിന്റെ പുതിയ നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും യോഗം ചേരാനിരിക്കെയാണ് ദേശീയപാത അഥോറിറ്റി കരാര്‍ റദ്ദുചെയ്‌തിരിക്കുന്നത്.
അതിനിടെ, ദേശീയപാത വികസനം സംബന്ധിച്ച് ഈമാസം 17-ന് സര്‍വകക്ഷിയോഗം വിളിക്കാന്‍ ഉദ്ദേശിക്കുന്നതായി പൊതുമരാമത്ത് മന്ത്രി എം.വിജയകുമാര്‍ തിരുവനന്തപുരത്തു പറഞ്ഞു. ദേശീയപാതയുടെ വീതി 32.2 മീറ്റര്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന്റെയും കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്. ഇതിനുള്ള മറുപടി കേന്ദ്ര ഉപരിതല മന്ത്രാലയം രേഖാമൂലം നല്‍കേണ്ടതുണ്ട്. ഉടന്‍ മറുപടി ലഭിച്ചാല്‍ ഈമാസം 17ന് സര്‍വകക്ഷിയോഗം കൂടുമെന്നും മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
Discussion about this post