അയോദ്ധ്യ: ഭാരതത്തിന്റെ അഭിമാനമായ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുകയാണ്. ജനുവരി 22-നാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍സംഘചാലക് മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് പുറമേ 8000-ത്തിലധികം വിശിഷ്ഠ അതിഥികളാകും ചടങ്ങില്‍ പങ്കെടുക്കുക.
വിവിധ മേഖലയിലുള്ള പ്രമുഖരും രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചവരും, അതിനായി സഹായിച്ചവരെയും പ്രത്യേകമായി ക്ഷണിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. വ്യവസായ പ്രമുഖരായ ഗൗതം അദാനി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ, അഭിനേതാക്കളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവരും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പിന്തുണച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണം നല്‍കിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങള്‍ അറിയിച്ചു
സുധീര്‍ ചൗധരി, രജത് ശര്‍മ, അര്‍ണബ് ഗോസ്വാമി, ശ്വേത സിംഗ്, ദൈനിക് ഭാസ്‌കര്‍ എംഡി സുധീര്‍ അഗര്‍വാള്‍, ജാഗരണ്‍ പ്രകാശന്‍ സിഇഒ സഞ്ജയ് ഗുപ്ത, നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മഹേന്ദ്ര മോഹന്‍ ഗുപ്ത, ഇന്ത്യ ടുഡേ എഡിറ്റര്‍-ഇന്‍- മേധാവി അരൂണ്‍ പുരി എന്നിവരെയും ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. രാമക്ഷേത്രത്തിനായി പിന്തുണച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമാകും പ്രാണപ്രതിഷ്ഠ പൂര്‍ണമാകൂവെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ പറഞ്ഞു.
8,000 ക്ഷണിതാക്കളില്‍ 6,000 പേര്‍ രാജ്യത്തുടനീളമുള്ള മതനേതാക്കളും മറ്റ് 2,000 പേര്‍ കായികം, സിനിമ, സംഗീതം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരുമാണെന്നാണ് സൂചന. സന്യാസിമാര്‍, പുരോഹിതന്മാര്‍, ആചാര്യന്മാര്‍, മതനേതാക്കള്‍, മുന്‍ സിവില്‍ ഉദ്യോഗസ്ഥര്‍, വിരമിച്ച ആര്‍മി ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, കവികള്‍, സംഗീതജ്ഞര്‍, പത്മശ്രീ, പത്മഭൂഷണ്‍ സ്വീകര്‍ത്താക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് തപാല്‍, വാട്സ്ആപ്പ് വഴിയും ക്ഷണങ്ങള്‍ അയച്ചിട്ടുണ്ടെന്ന് വിഎച്ച്പി അറിയിച്ചു. ചടങ്ങിന് മുമ്പുള്ള ദിവസങ്ങളില്‍ ക്ഷണിക്കപ്പെട്ടവരുമായി ഒരു ലിങ്ക് പങ്കിടും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു ബാര്‍ കോഡ് വഴി എന്‍ട്രി പാസ് ലഭ്യമാകും.
Discussion about this post