ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ആര്‍ട്ടിക്കിള്‍ 370 ഒരു താല്‍ക്കാലികം മാത്രമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കാശ്മീരിന് മാത്രമായി പ്രത്യേക പരമാധികാരമില്ല. 370ആം അനുച്ഛേദം യുദ്ധ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയതാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനായില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
‘കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം. ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല. കാശ്മീരിന് മാത്രമായി സവിശേഷ അധികാരമില്ല. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ വരുന്നതാണ് കാശ്മീര്‍. 370ആം അനുച്ഛേദം യുദ്ധ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയതാണ്. നിയമസഭ പിരിച്ചുവിടുന്നതില്‍ സുപ്രീം കോടതി ഇടപെടുന്നില്ല’- വിധിയില്‍ പറയുന്നു. 2018 ഡിസംബറില്‍ ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹരജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തത് കൊണ്ട് സുപ്രീം കോടതി അക്കാര്യത്തില്‍ ഇടപെട്ടില്ല.
കേന്ദ്ര നടപടിക്കെതിരെ 23 ഹര്‍ജികളാണ് കോടതിയിലുള്ളത്. പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരെയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഈ മാസം 25ന് വിരമിക്കാനിരിക്കെയാണ് വിധിയെന്നത് ശ്രദ്ധേയമാണ്.
കാശ്മീരില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. കാശ്മീര്‍ ജനതയുമായി കൂടിയാലോചിച്ചില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രത്യേക പദവി റദ്ദാക്കിയതോടെ മൂന്ന് ദശകം നീണ്ട സംഘര്‍ഷങ്ങള്‍ ശമിച്ച് ജമ്മു കാശ്മീര്‍ സാധാരണനിലയിലേക്ക് മടങ്ങിയെന്ന് കേന്ദ്രം പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന് പിന്തുണയുമായി കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ യൂത്ത് ഫോര്‍ പാനുന്‍ കാശ്മീര്‍ കോടതിയിലെത്തിയിരുന്നു.
Discussion about this post