കല്‍പ്പറ്റ: കൂടല്ലൂരിലെ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് 25000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്നും കോടതി ചോദിച്ചു.
ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവയ്ക്കാനാവൂ. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഡിസംബര്‍ 10ലെ ഉത്തരവെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കില്‍ തിരിച്ചറിഞ്ഞ ശേഷം വെടിവച്ച് കൊല്ലാനായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാകേരി മൂടക്കൊല്ലി മരോട്ടി തടത്തില്‍ പ്രജീഷിന്റെ (36) മൃതദേഹം കണ്ടെത്തിയത്. മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്ത് കടുവ പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലുക, നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. കടുവയെ പിടികൂടാന്‍ ഉത്തരവിറങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post