തിരുവനന്തപുരം: ഭരണാനുകൂല വിദ്യാര്‍ഥി സംഘടനയുടെ പ്രതിഷേധ ഭീഷണിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ അധികൃതരുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ചര്‍ച്ച ഇന്നു നടക്കും.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ സഞ്ചാരപാതയിലും പൊതു പരിപാടികളിലും താമസ സ്ഥലത്തും ഏതു തരത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കണമെന്ന കാര്യത്തിലാണ് രാജ്ഭവന്‍ അധികൃതരുടെ കൂടി അഭിപ്രായം പോലീസ് തേടുന്നത്.
രാജ്ഭവന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും സുരക്ഷാ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള വിവിഐപി സഞ്ചരിക്കുന്‌പോള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടും റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചും സുരക്ഷ ഒരുക്കേണ്ടതുണ്ടോയെന്നാണു പോലീസ് പ്രധാനമായി അഭിപ്രായം തേടുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സഞ്ചരിക്കുന്‌പോള്‍ റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് സഞ്ചാരപാത ഒരുക്കുന്നത്.
സര്‍വകലാശാല കാംപസുകളില്‍ ഗവര്‍ണറെ കയറ്റാന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐയുടെ ഭീഷണി അവഗണിച്ച് 16 മുതല്‍ 18 വരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും. ഇതിന് ഏതു തരത്തിലുള്ള സുരക്ഷ ഒരുക്കണമെന്ന കാര്യത്തിലും പോലീസ് ഉന്നതര്‍ക്കിടയില്‍ ആശങ്കയുണ്ട്.
അതേസമയം, ഗവര്‍ണര്‍ക്ക് കര്‍ശന സുരക്ഷ ഉറപ്പു വരുത്തണമെന്നു രാജ്ഭവന്‍ സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാ പരിപാടിയുടെയും മറ്റും വിശദാംശങ്ങള്‍ രാജ്ഭവനില്‍ നിന്നു പോലീസിനു കൈമാറിയിട്ടുണ്ട്. ഇവിടുത്തെ ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ മുന്‍പും താമസിച്ചിരുന്നു. പക്ഷെ രാജ്ഭവന്‍ പോലെ സുരക്ഷിത മേഖല അല്ല. സുരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടി വരും.
അക്രമ മാര്‍ഗത്തിലൂടെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ തലവന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് എതിരെ ക്രിമിനല്‍ ചട്ടപ്രകാരം നടപടി വേണമെന്നുമുള്ള കടുത്ത നിലപാടാണു ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളത്.
Discussion about this post