വയനാട്: വാകേരിയിലെ നരഭോജിക്കടുവയ്ക്കായുള്ള തിരച്ചില്‍ ആറാംദിവസത്തിലേക്ക്. കടുവയെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ മയക്കുവെടിവെക്കുന്നതിനുള്ള ദൗത്യസംഘവും സജ്ജമാണ്. ഡോ. അരുണ്‍ സക്കറിയ കൂടല്ലൂരില്‍ എത്തിയിട്ടുണ്ട്. വിക്രം, ഭരത് എന്നീ കുങ്കികളെ ഉപയോഗിച്ചും വനംവകുപ്പ് തിരച്ചില്‍ നടത്തുന്നുണ്ട്. സമയവും സന്ദര്‍ഭവും അനുസരിച്ച് മയക്കുവെടി വയ്ക്കുന്ന നടപടിയിലേക്ക് ദൗത്യസംഘം കടക്കും. കടുവയെ കുടുക്കാന്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്നിടത്ത് വനംവകുപ്പ് കൂടുവച്ചിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ കടുവ കൂട്ടില്‍ കയറിയില്ല.
വനം വകുപ്പിന്റെ ഡാറ്റാ ബേസില്‍ ഉള്‍പ്പെട്ട 13 വയസു പ്രായമുള്ള ഡബ്ല്യുഡബ്ല്യുഎല്‍ 45 എന്ന ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി 25 കാമറകളും രണ്ട് കൂടും സജ്ജമാണ്.
അഞ്ചു പട്രോളിംഗ് ടീമും ഷൂട്ടേഴ്സും ഡോക്ടര്‍മാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ശനിയാഴ്ചയാണ് ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലു ചെത്താന്‍ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്.
Discussion about this post