തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ജവഹർ ബാലമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ. ആറുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്നതിന് ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും അത് കോടതിയിൽ തെളിയിക്കാൻ പൊലീസിന് കഴിയാതിരുന്നതിന് പിന്നിൽ പ്രതിയുടെ രാഷ്ട്രീയ സ്വാധീനമെന്ന ആരോപണം ഉയരുന്നത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഭരണകക്ഷിയുമായി ബന്ധമുള്ളവർക്ക് നിയമങ്ങളൊന്നും ബാധകമല്ലെന്ന സാഹചര്യം സമൂഹത്തെ അരാചകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ കുറ്റവാളിയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിധി. അർജുൻ അല്ല ആ കൃത്യം ചെയ്തതെങ്കിൽ പൊലീസ് ശ്രമിക്കുന്നത് യഥാർത്ഥ പ്രതിയെ സംരക്ഷിക്കാനല്ലേ എന്നും ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. അടുത്തകാലത്ത് കേരള പൊലീസിന്റെ പല ഇടപെടലുകളും സംശയിക്കേണ്ട സാഹചര്യം പൊതുസമൂഹത്തിന് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ബാലനീതി പോലും നിഷേധിക്കുന്നത് അത്യന്തം ക്രൂരമാണ്. കേരള പൊലീസിന്റെ അന്വേഷണം സംശയത്തിന്റെ നിഴലിലായ സ്ഥിതിക്ക് കുട്ടിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post