തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശിയിട്ടും പിന്‍മാറാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ്‌ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. രാഹുലിനൊപ്പം വനിതാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. വനിതാ പ്രവര്‍ത്തകരെ വസ്ത്രമടക്കം വലിച്ചു കീറിയതും പ്രതിഷേധം ശക്തമാകാന്‍ കാരണമായി. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകര്‍ത്തു.
അതേസമയം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസിനെതിരെ പ്രവര്‍ത്തകര്‍ സംഘടിച്ച് സമരം ശക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊലീസ് ആദ്യഘട്ടത്തില്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിവീശി അക്രമം ശക്തമാക്കുകയായിരുന്നു. കടകളില്‍ വരെ പൊലീസ്‌കയറി പ്രവത്തകരെ തല്ലിയിരുന്നു. വനിതാ പ്രവത്തകരെ പൊലീസ് മര്‍ദിച്ചതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സംഘര്‍ഷത്തില്‍ പൊലീസിനും പരിക്കുണ്ട്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post