തൃശൂര്‍: തൃശൂര്‍ സമ്മേളന നഗരിയെ ആവേശത്തിരയിളക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തേക്കിന്‍കാട് മൈതാനത്ത് പൂരപ്രഭ തീര്‍ത്തുകൊണ്ടായിരുന്നു മഹിളാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. മലയാളത്തില്‍ ഏവരെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക്
കേരളത്തിലെ അമ്മമാരെ, സഹോദരിമാരെ.. എന്നെ അനുഗ്രഹിക്കാനായി ഇവിടെയെത്തിച്ചേര്‍ന്ന ഏവര്‍ക്കും നന്ദി. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. മന്നത്ത് പദ്മനാഭന്റെ ജന്മദിനമായിരുന്നു ഇന്നലെ.. ഈ നിമിഷം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അനേകം വനിതാരത്നങ്ങള്‍ക്ക് ജന്മം നല്‍കിയതാണ് കേരളത്തിന്റെ മണ്ണ്. അഞ്ജുബോബി ജോര്‍ജ്ജിനെയും പിടി ഉഷയെയും പോലുള്ളവര്‍ ഈ രാജ്യത്തിന് പ്രചോദനമാണ്. നാഞ്ചിയമ്മയുടെ കലാപ്രാവീണ്യത്തെ ആദരിക്കാന്‍ ഈ നാടിന് സാധിച്ചു. മോദിയുടെ ഉറപ്പിനെക്കുറിച്ചാണ് ഇന്ന് രാജ്യം സംസാരിക്കുന്നത്. ഭാരതത്തെ വികസിത രാഷ്ട്രമാക്കാന്‍ സ്ത്രീശക്തിക്കാണ് സാധിക്കുക. സ്ത്രീസംവരണ ബില്ലില്‍ തീരുമാനമെടുക്കാതെ മുന്‍ സര്‍ക്കാരുകള്‍ തടഞ്ഞുവച്ചപ്പോള്‍ ഇന്ന് രാജ്യത്ത് നിയമമായി. മുസ്ലീം സഹോദരിമാര്‍ മുത്തലാഖ് കാരണം പ്രയാസമനുഭവിച്ചപ്പോള്‍ അവര്‍ക്ക് മോചനം നേടി കൊടുത്തതും മോദിയുടെ ഉറപ്പായിരുന്നു.
ഭാരതത്തില്‍ നാല് ജാതികളുണ്ടെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പാവപ്പെട്ടവര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവയാണ് ആ നാല് ജാതികള്‍. അവരുടെ വികസനത്തിലൂടെയാണ് ഈ രാജ്യം പുരോഗതി കൈവരിക്കുക. അതിനാല്‍ സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം അവരെ ലക്ഷ്യം വച്ചുള്ളതാണ്. മുന്‍ സര്‍ക്കാരുകളുടെ സമയത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലായിരുന്നു. ആ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് മോദിയുടെ ഉറപ്പായിരുന്നു. ഇന്ന് നിങ്ങളുടെ അനുഗ്രഹത്തോട് കൂടി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എനിക്ക് സാധിച്ചിരിക്കുന്നു.
ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകള്‍, 30 കോടിയിലധികം വനിതകള്‍ക്ക് മുദ്രാ വായ്പകള്‍, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍, സഭകളില്‍ സ്ത്രീകള്‍ക്ക് സംവരണം, തെരുവു കച്ചവടക്കാരായ സ്ത്രീകള്‍ക്ക് സഹായം, ചുരുങ്ങിയ വിലയ്ക്ക് പാചകവാതകം, പിഎം ആവാസ യോജന പ്രകാരം എല്ലാവര്‍ക്കും വീട്, കേരളത്തിലെ ഏഴ് ലക്ഷം വനിതകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, കുടിവെള്ളം ഇതെല്ലാം മോദിയുടെ ഗ്യാരന്റിയായിരുന്നു. വികസിത ഭാരതത്തിനുള്ള ഏറ്റവും വലിയ ഗ്യാരന്റി സ്ത്രീകളുടെ ശാക്തീകരണമാണ്.
നിരവധി ദുരന്തങ്ങളിലൂടെയാണ് രാജ്യം കഴിഞ്ഞ വര്‍ഷം കടന്നുപോയത്. പ്രതിസന്ധി ഘട്ടങ്ങളെ ബിജെപി സര്‍ക്കാര്‍ ചെറുത്തുതോല്‍പ്പിച്ചു. ഭാരതീയര്‍ ലോകത്തെവിടെ പ്രതിസന്ധിയില്‍ അകപ്പെട്ടാലും അവരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു. കാരണം ഇവിടെയുള്ളത് എന്‍ഡിഎ സര്‍ക്കാരാണ്.
അഴിമതിയിലും അക്രമത്തിലും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നാണ്. സംസ്ഥാനത്ത് വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്കറിയാം.. രാജ്യത്തിന് വികസനം കൈവരിക്കണമെങ്കില്‍ ഇവിടെയുള്ള ഓരോ സംസ്ഥാനവും വികസിക്കണമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ വിശ്വസിക്കുന്നു. എന്നാല്‍ മോദി വിരോധത്തിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങളെ തടയുകയാണ് ഇന്‍ഡി മുന്നണി. ഈ നാട്ടില്‍ സ്വര്‍ണ്ണക്കടത്ത് നടന്നത് ആര്‍ക്കുവേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം..
ഈ നാട്ടിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും കൊള്ളയുടെ മാദ്ധ്യമമായാണ് എല്‍ഡിഎഫും യുഡിഎഫും കാണുന്നത്. ഇന്‍ഡി മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതിഗതികള്‍ ഈ നാട്ടിലെ ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണിത്. തട്ടിപ്പും അഴിമതിയും നടത്താനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് കേരളത്തില്‍ ഇന്‍ഡി മുന്നണിക്കാവശ്യം. പാവപ്പെട്ടവര്‍ക്കും അടിസ്ഥാന സൗകര്യവികസനത്തിനുമായി കേന്ദ്രം നല്‍കിയ ധനസഹായത്തെക്കുറിച്ച് അറിയാന്‍ അവര്‍ അനുവദിക്കുന്നില്ല. അതുവഴി കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ മറച്ചുവയ്ക്കാനാണ് ഇന്‍ഡി മുന്നണി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post