കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലമേലില്‍ എസ് എഫ് ഐയുടെ പ്രതിഷേധം. കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരികെ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ അദ്ദേഹം റോഡരികില്‍ തുടരുകയാണ്. ഇതിനിടയില്‍ കടയില്‍ നിന്ന് ചായ കുടിച്ചു.
എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ അദ്ദേഹം പരാതി അറിയിച്ചിട്ടുണ്ട്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
അന്‍പതോളം പേരാണ് പ്രതിഷേധിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൊലീസ് സ്വയം നിയമം ലംഘിക്കുകയാണെന്നും പ്രധാനമന്ത്രിയെ വിളിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പന്ത്രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റൂറല്‍ എസ് പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post