കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വ നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി. ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമ മന്ത്രാലയത്തിനുമാണ് പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി എ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി എം സുധീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ടി എ സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൈക്കോടതിയില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ‘വണ്‍ നേഷണ്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ’ എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരും ക്ലര്‍ക്കുമാരും ചേര്‍ന്നാണ് ഒമ്പത് മിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്.
നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷാഘോഷത്തെയും നാടകത്തില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.
Discussion about this post