കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരാണ് കേസിലെ പ്രതികള്‍. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അഞ്ച് കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കുന്നതിന് 2021 മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നും ഇതിനുപിന്നാലെയാണ് തട്ടികൊണ്ടുപോകലെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. മരണ ഭയമുണ്ടാക്കുംവിധം കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തല്‍. ബാലനീതി നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് വിജയിച്ചാല്‍ മറ്റ് കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു. സാമ്പത്തികബാദ്ധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിയെടുത്ത് തടവില്‍ പാര്‍പ്പിച്ചു. ആറുവയസുകാരിയുടെ സഹോദരന്‍ മാത്രമാണ് കേസിലെ ഏക ദൃക്സാക്ഷി. കൂടാതെ 160 സാക്ഷികളുമുണ്ട്. 150 തൊണ്ടിമുതലുകള്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും ശേഖരിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ഫോണിലേയ്ക്ക് വിളിച്ചത് അനിതാകുമാരിയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ട് പോയി 72ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് കേസ് അന്വേഷിച്ചത്. അതേസമയം, തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെയും ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
Discussion about this post