തൃശൂര്‍: സംസ്ഥാനവ്യാപകമായി ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ക്കുള്ള പിഎസ്‌സി പരീക്ഷാ ചോദ്യപേപ്പറില്‍ ആവര്‍ത്തനവും തെറ്റുകളും. 36, 37 നമ്പര്‍ ചോദ്യവും ഉത്തരത്തിനുള്ള ഓപ്ഷനുകളുമാണ് ആവര്‍ത്തിച്ചിട്ടുള്ളത്. ഔചിത്യമില്ലാത്തതും തെറ്റുകളുമടങ്ങിയ പത്തോളം ചോദ്യങ്ങളും കടന്നുകൂടിയിട്ടുണ്ട്.
മുപ്പത്താറാമത്തെ ചോദ്യമായ കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ റെസൊലൂഷന്‍ എന്തിനെ ആശ്രയിച്ചാണിരിക്കുന്നതെന്നുള്ള ചോദ്യവും ഉത്തരങ്ങള്‍ക്കുള്ള ഓപ്ഷനുകളുമാണ് അടുത്ത ചോദ്യനമ്പറിലും ആവര്‍ത്തിച്ചിരിക്കുന്നത്. പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഓപ്ഷനില്‍ നല്കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ പലരും പുസ്തകങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉത്തരം ഓപ്ഷനിലുമില്ലെന്നു വ്യക്തമായത്.
പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ ഇതുമൂലം ആശങ്കയിലാണ്. പിഎസ്‌സി നിയമനത്തട്ടിപ്പുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ ചോദ്യപ്പേപ്പറുകളില്‍ തെറ്റുകള്‍ കടന്നുകൂടുന്നതു പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
14 ഒഴിവുകളിലേക്ക് 15, 374 പേരാണ് അപേക്ഷ നല്കിയിരുന്നത്. ഇതില്‍ പരീക്ഷയെഴുതിയവരുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തില്‍ തയാറാകുന്നതേയുള്ളൂ. എംസിഎ, ബി-ടെക്, എംഎസ്‌സി കംപ്യൂട്ടര്‍ പ്രോഗ്രം തുടങ്ങിയവയായിരുന്നു യോഗ്യത. കംപ്യൂട്ടര്‍ അധ്യാപകര്‍ക്കായതുകൊണ്ടുതന്നെ കംപ്യൂട്ടര്‍സംബന്ധമായ വിഷയങ്ങളാണു സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
Discussion about this post