കൊല്ലൂര്‍: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. ഇന്നു രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും 9:30നാണ് ശ്രീരാമനവമി രഥപരിക്രമണം ആരംഭിച്ചത്.
ഇന്നു രാവിലെ 7:00ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും ശങ്കര അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി.
ഇന്ന് മംഗലാപുരം മേഖലയില്‍ രഥപരിക്രമണം നടക്കും. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ബ്രഹ്മചാരി പ്രവിത് കുമാര്‍, ജ്യോതിക്ഷേത്ര നിര്‍മാണസമിതി ഭാരവാഹികളായ വി.ആര്‍.രാജശേഖരന്‍ നായര്‍, സെക്രട്ടറി അനില്‍കുമാര്‍ പരമേശ്വരന്‍, പ്രമോദ് കുത്തൂര്‍, എസ്.ആര്‍.ഡി.എം.യു.എസ് മാനേജിംഗ് കമ്മിറ്റി അംഗം ലാല്‍ജിത്.ടി.കെ, തിരുവനന്തപുരം ജില്ലാ രഥയാത്രാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡി.ഭഗവല്‍ദാസ്, ജയകൃഷ്ണന്‍.പി.എച്ച്, പി.അജിത് കുമാര്‍, തുടങ്ങിയവരും ആശ്രമബന്ധുക്കളും സന്നിഹിതരായിരുന്നു. ശ്രീരാമരഥത്തില്‍ ജ്യോതിപ്രതിഷ്ഠിച്ചതിനുശേഷം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് മംഗലാപുരം മേഖലയിലേക്കുള്ള രഥപരിക്രമണം ആരംഭിച്ചു.
Discussion about this post