വയനാട്: മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 67 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മേപ്പാടിയിലെ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്.
70ഓളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. ആകെ മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് വിവരം.
മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അതേസമയം ഏറെ നേരത്തേ പരിശ്രമത്തിനൊടുവില്‍ എന്‍ഡിആര്‍എഫ് സംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായി 11 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താനായത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണ്. സൈന്യമെത്തി താല്‍ക്കാലിക പാലം നിര്‍മിക്കും.
Discussion about this post