വയനാട്: ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ച് സൈന്യം. താല്‍ക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കാനാണ് ശ്രമം. 85 അടി നീളമുള്ള പാലമാണ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് പാലം നിര്‍മ്മിക്കുന്നതോടെ രക്ഷാപ്രവര്‍ത്തനവും വേഗത്തിലാകും.
കാലാവസ്ഥ മോശമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യവും പാലം പണിയും നടക്കുന്നത്. കരസേനയുടെ നേതൃത്വത്തിലുള്ള പാലം പണി 4-5 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകാനാണ് സാധ്യത. ബെയിലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഉച്ചയോടെ എത്തുമെന്ന് അധികൃതരും അറിയിച്ചു.
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിംഗ് നഥാവത് ആണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് 17 ട്രക്കുകളിലാക്കി പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട് മുണ്ടക്കൈയിലെ റിസോര്‍ട്ടിലും മദ്രസയിലും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും കുന്നിന്‍മുകളിലും നൂറുകണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറിനില്‍ക്കുന്നവരെ പൂര്‍ണമായും സുരക്ഷിത സ്ഥാനത്തിലേക്ക് മാറ്റാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. മുണ്ടക്കൈ കേന്ദ്രീകരിച്ചാണ് രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം.
Discussion about this post