വയനാട്: രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മോഹന്‍ലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
താനും കൂടി ഉള്‍പ്പെടുന്ന മദ്രസ് 122 ഇന്‍ഫന്‍ട്രി ബറ്റാലിയനാണ് ആദ്യഘട്ടത്തില്‍ ദുരന്ത മുഖത്തെത്തിയത്. 40 അംഗ ബറ്റാലിയനാണ് ആദ്യമായി ഇവിടെയെത്തിയത്. ഇവര്‍ക്ക് സൈന്യത്തിന് മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പിന്തുണയേകാനും നന്ദി പറയാനുമാണ് സന്ദര്‍ശനം. കഴിഞ്ഞ 16 വര്‍ഷമായി ഈ ബറ്റാലിയന്റെ ഭാഗമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിമിഷനേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും സമ്പത്തും എല്ലാം നഷ്ടപ്പെട്ടിട്ടും നമ്മളെല്ലാവരും ഒന്നിച്ച് അവരെ സഹായിക്കുന്നത് വലിയ കാര്യമാണ്. സൈന്യം, നാവികസേന, വ്യോമസേന, അഗ്‌നിശമനസേന, എന്‍ഡിആര്‍എഫ്, പൊലീസ്, ഡോക്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്ന് തുടങ്ങി ഒരു കല്ലെടുത്ത് വയ്ക്കുന്ന കുട്ടികള്‍ വരെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അത്ഭുതമാണ്. ഈശ്വരന്റെ സഹായം കൂടി ഇതിലുണ്ടെന്ന് വിശ്വസിക്കാം. ഈ പാലം ഇല്ലായിരുന്നെങ്കില്‍ രക്ഷാദൗത്യം മുന്നോട്ട് പോകാന്‍ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ തയ്യാറാണെന്നും ആദ്യഘട്ടമായാണ് മൂന്ന് കോടിയുടെ പദ്ധതിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുണ്ടക്കൈ എല്‍പി സ്‌കൂള്‍ പുനര്‍നിര്‍മിക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവിയും അറിയിച്ചിട്ടുണ്ട്. മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരില്‍ 2015-ല്‍ മോഹന്‍ലാല്‍ ആരംഭിച്ച സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍.
ഇന്ന് രാവിലെയാണ് മോഹന്‍ലാല്‍ വയനാട്ടിലെത്തിയത്. ടെറിറ്റോറിയല്‍ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ദുരന്തമുഖത്തേക്കുള്ള സന്ദര്‍ശനം. ഇന്നലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയുടെ ധനസഹായവും അദ്ദേഹം സംഭാവന ചെയ്തിരുന്നു.
Discussion about this post