തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്കി മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എല്ലാവരും രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തലേക്കുന്നില്‍ ബഷീര്‍ സ്മാരക നിര്‍മാണ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് എ.കെ.ആന്റണി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ നടന്നത്. യാതൊരു തര്‍ക്കവുമില്ലാതെ പരമാവധി സംഭാവനകള്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. എംപി ആയിരുന്ന അവസരത്തില്‍ പ്രളയസമയത്തൊക്കെ കൂടുതല്‍ തുക താന്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള കഴിവില്ലെങ്കിലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ടെന്നും എ.കെ.ആന്റണി പറഞ്ഞു.
ദുരിതാശ്വാസ നിധിയുടെ സുതാര്യതയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവര്‍ത്തിച്ച് ആക്ഷേപമുന്നയിക്കുന്നതിനു പിന്നാലെയാണ് ആന്റണിയുടെ പ്രസ്താവന.
Discussion about this post