ശബരിമല: കാര്‍ഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ശബരീശ സന്നിധിയില്‍ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ. പുലര്‍ച്ചെ 5.45-നും 6.30 നും മധ്യേയായിരുന്നു പൂജ. കൊടിമരച്ചുവട്ടില്‍ നിന്നാരംഭിച്ച ഘോഷയാത്ര മേല്‍ശാന്തിയും കീഴ്ശാന്തിയും പരികര്‍മ്മികളും ചേര്‍ന്ന് കിഴക്കേ മണ്ഡപത്തിലെത്തിച്ചു. തുടര്‍ന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂജിച്ച ശേഷം അയ്യന് സമര്‍പ്പിച്ചു. നെല്‍ക്കതിരുകള്‍ ആദ്യം ശ്രീകോവിലില്‍ കെട്ടും. തുടര്‍ന്നാണ് ഭക്തര്‍ക്ക് വിതരണം ചെയ്യുക.
പൂജയ്ക്കായി പ്രത്യേകം കൃഷി ചെയ്ത നെല്‍ക്കതിരുകള്‍ കറ്റകളാക്കി ഇരുമുട്ടിക്കെട്ടിനൊപ്പം ഭക്തര്‍ സന്നിധാനത്തെത്തിച്ചു. നിറപുത്തരിക്കുള്ള നെല്‍ക്കതിരുകളുമായെത്തിയ വിവിധ സംഘങ്ങളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാലക്കര ചെറുപുഴയ്ക്കാട്ട് ദേവീക്ഷേത്രത്തില്‍ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്. നിറപുത്തരി പൂജകള്‍ക്ക് ശേഷം ഇന്ന് രാത്രി പത്തിന് ക്ഷേത്ര നടയടയ്ക്കും.
Discussion about this post