കൊല്‍ക്കത്ത: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (FORDA), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ IMA), ഡല്‍ഹിയിലെ ഗവണ്‍മെന്റല്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉറപ്പ് ലഭിച്ചത്.
‘ജോലിസ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് അസോസിയേഷനുകള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രതിനിധികളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു’ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികളുടെയും പ്രതിനിധികളെ അവരുടെ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റിയുമായി പങ്കുവെയ്ക്കാന്‍ ക്ഷണിക്കും. വര്‍ദ്ധിച്ചുവരുന്ന ഡെങ്കിപ്പനി, മലേറിയ കേസുകള്‍ കണക്കിലെടുത്ത് സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് അവരുടെ ജോലി പുനരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Discussion about this post