തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും അതില്‍ ഉത്സവആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടുപോയെന്നും 2008ലെ അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്. അമൂല്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ ഉത്തരവാദിത്ത മില്ലാതെയാണ് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2008 ലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവനുസരിച്ച് അല്‍പശി ഉത്സവത്തിനാവശ്യമായ ആഭരണങ്ങള്‍ എടുത്തുകൊടുക്കാനാണ് അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. 2008 ഒക്‌ടോബര്‍ 19ന് വ്യാസര്‍കോണ്‍ കല്ലറയും നിത്യാദി കല്ലറയും തുറന്നു. പട്ടികയനുസരിച്ച് പൂജാവശ്യത്തിനുള്ള അമൂല്യവസ്തുക്കളാണ് കല്ലറകളില്‍ നിന്ന് എടുക്കേണ്ടിയിരുന്നത്. തുറന്നപ്പോള്‍ വലിയൊരു സ്വര്‍ണ്ണക്കുടയിലെ 44 സ്വര്‍ണ്ണക്കൊളുത്തുകള്‍ നഷ്ടപ്പെട്ടിരുന്നു. അതുപോലെ കുംഭീയം എന്നു പേരുള്ള നാലു വെള്ളിമണികളില്‍ രണ്ടെണ്ണം കാണാതായിരുന്നു. തങ്കക്കുടയില്‍ തൊങ്ങലുകള്‍ ഇഴ കെട്ടിയ നീണ്ട സ്വര്‍ണ്ണനൂല്‍ അവിടെ ഇല്ലായിരുന്നു. ക്ഷേത്രസുരക്ഷയുടെ അപര്യാപ്തതയാണ് ഇതിനു കാരണമെന്ന് കോടതിയെ ബോധിപ്പിച്ച വിവരം അഭിഭാഷക കമ്മിഷന്‍ പ്രത്യേകം എടുത്തു പറഞ്ഞു.
ക്ഷേത്രംജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ അമൂല്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതെന്ന് കമ്മിഷന് ബോധ്യപ്പെട്ടിരുന്നു. ഏതായാലും കൃത്യമായ രേഖയോടെ അല്‍പശി ഉത്സവത്തിനുള്ള വസ്തുക്കള്‍ കൈമാറുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post