പുരി: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വഴിപാട് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍. തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ നിവേദ്യം ചെയ്യുന്ന ലഡ്ഡു തയ്യാറാക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം.
ചൊവ്വാഴ്ചയാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് പുരി ജില്ലാ കളക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ അറിയിച്ചു. ഇവിടെ അത്തരം ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ‘കോത ഭോഗ’ (ദേവതകള്‍ക്കുള്ള പ്രസാദം), ‘ബരാദി ഭോഗ’ (പ്രസാദം ഓര്‍ഡര്‍) എന്നിവ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം ഭരണകൂടം പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പുരി ക്ഷേത്രത്തില്‍ ഉപയോഗിക്കാനുള്ള നെയ്യ് വിതരണം ചെയ്യുന്നത് സംസ്ഥാനത്തിന്റെ കീഴിലുള്ള ഒഡീഷ മില്‍ക്ക് ഫെഡറേഷന്‍ (ഓംഫെഡ്) മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മായം കലരുമെന്ന ഭയം അകറ്റാന്‍ ഓംഫെഡ് വിതരണം ചെയ്യുന്ന നെയ്യിന്റെ നിലവാരം പരിശോധിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓംഫെഡുമായും പ്രസാദം തയ്യാറാക്കുന്ന ക്ഷേത്രത്തിലെ സേവകരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി പ്രസാദമായ ലഡ്ഡുവില്‍ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.
Discussion about this post