തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തിന് സ്‌പോട്ട് ബുക്കിംഗ് സംവിധാനം പൂര്‍ണമായി ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ സമ്പ്രദായം മാത്രമാക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നടപടി അപക്വമായ സമീപനത്തെയാണ് കാണിക്കുന്നതെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ: പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞൂ. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. വിശ്വാസ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണ്. ശബരിമലയില്‍ കാലാകാലങ്ങളായി ദര്‍ശനം നടത്തുന്ന അയ്യപ്പഭക്തര്‍ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചാണ് ക്ഷേത്രദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ അയ്യപ്പഭക്തന്മാരുടെ കുടുംബത്തിലെ ശുദ്ധിയും അശുദ്ധിയും ഒക്കെ കണക്കിലെടുത്താണ് ദര്‍ശനം തീരുമാനിക്കുന്നത്. ദിവസങ്ങളോളം കാല്‍നടയായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശന സമയം നിശ്ചയിക്കാന്‍ സാധിക്കില്ല.
ആന്ധ്രയിലെയും, തെലുങ്കാനയിലെയും, തമിഴ്‌നാട്ടിലെയും, കര്‍ണാടകയിലെയും കുഗ്രാമങ്ങളില്‍ നിന്ന് വരുന്ന അയ്യപ്പഭക്തര്‍ ഇന്റര്‍നെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കില്ല. അവര്‍ക്ക് വെര്‍ച്വല്‍ ക്യൂ എന്തെന്ന് പോലും അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. സ്വന്തം വിശ്വാസം നെഞ്ചിലേറ്റി മാസങ്ങളോളം വ്രതാനുഷ്ഠാനം നടത്തി ദര്‍ശനത്തിന് എത്തുന്ന ഭക്തരെ നിഷ്‌കരുണം തിരിച്ചയക്കുന്ന സംവിധാനമാണ് വെര്‍ച്വല്‍ ക്യൂ സമ്പ്രദായം മാത്രം നടപ്പിലാക്കിയാല്‍ ഫലത്തില്‍ നടപ്പിലാകാന്‍ പോകുന്നത് എന്ന് ഹരികുമാര്‍ പറഞ്ഞൂ. എരുമേലി വഴിയും പുല്‍മേട് വഴിയും തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരെ ഇത് വലയ്ക്കും. ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കിയതിനെതിരെ ശിവസേന സംഘടിപ്പിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരികുമാര്‍.
ശിവസേന സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണ മേനോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന നേതാക്കളായ ആറ്റുകാല്‍ സുനില്‍, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, ഹരി ശാസ്തമംഗലം, അഡ്വ: ബിജൂ വഴയില, ഷിബു മുതപിലാക്കാട്, രാജേഷ് കായ്പ്പാടി, വിനു പരവൂര്‍, കലേഷ് മണിമന്ദിരം, സുധീര്‍ മായന്‍, രതീഷ് നായര്‍ തൃശ്ശൂര്‍, സായി പ്രശാന്ത്, സനല്‍കുമാര്‍ പ്രഭ, ആര്യശാല മനോജ്, സന്തോഷ് തിരുമംഗലം, ഗോകുല്‍ദാസ്, ഷിബു പേരൂര്‍ക്കട, രാജേഷ് കണ്ണാരംകോട് തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ അഭിസംബോധന ചെയ്ത് സംസാരിച്ചൂ. വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ ധര്‍ണ്ണയില്‍ സംബന്ധിച്ചു.
Discussion about this post