മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
രത്‌നാകരന്‍ എന്ന കാട്ടാളനെ ലോകാരാധ്യനാക്കിയ വാത്മീകിയാക്കി, ആ ആദികവി, ധര്‍മ്മ വിഗ്രഹമായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതയാത്രയെ നമുക്ക് പകര്‍ന്നു തന്നു. ആ രത്‌നാകരനെ മഹാമനീഷി ആക്കിയത് താരക മന്ത്രമായ രാമമന്ത്രമാണ്. നിര്‍ദയനും സ്വാര്‍ത്ഥനും എല്ലാറ്റിനും ഉപരി ഒരു കവര്‍ച്ചക്കാരനുമായ രത്‌നാകരന്‍ വാത്മീകി എന്ന മഹാമനീഷിയായി മാറിയപ്പോള്‍ *മാനിഷാദ പ്രതിഷ്ഠ ത്വമ ഗമ ശാശ്വതി സമ… എന്ന വിശ്വ സ്‌നേഹത്തിന്റെ സന്ദേശത്തെയാണ് ഈ ലോകത്തിന് പകര്‍ന്നുതന്നത്. ലോകം ഒരു കുടുംബം എന്നും ലോകാ സമസ്താ സുഖിനോ ഭവന്തു..ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള സനാതന സംസ്‌കാരത്തില്‍ ജാതികള്‍ക്കും വര്‍ണ്ണ വിവേചനങള്‍ക്കും ഉപരിയാണ് ആധ്യാത്മികത്തിന്റെയും ജ്ഞാനത്തിന്റെയും മഹത്വം എന്ന് ഇത് വ്യക്തമാക്കുന്നു. ഒരാള്‍ ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ശ്രേഷ്ഠത കൈവരിക്കുന്നത് ഈ ജയന്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം തന്നെ താരക മന്ത്രമായ രാമനാമത്തിന്റെ മഹിമ വാത്മീകിയുടെ ജീവിതത്തിലൂടെ… എഴുത്തച്ഛന്റെ വരികളില്‍ ‘ജാതി നിന്ദിതന്‍ പരസ്ത്രീ ധനഹാരി പാപി മാതൃഘാതകന്‍ പിതൃഘാതകന്‍ ……പോലെ ഉള്ളവര്‍ക്കും ശ്രേഷ്ഠമായ വ്യക്തിത്വത്തിന് മുതല്‍ക്കൂട്ടാകാമെന്ന് കാണിച്ചു തരുന്നു.
ആശ്വിന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് വാല്‍മീകി ജനിച്ചത്. മഹര്‍ഷി കശ്യപന്റെയും ദേവി അദിതിയുടെയും ഒന്‍പതാമത്തെ മകന്‍ വരുണനും ഭാര്യ ചാര്‍ഷിണിക്കും ജനിച്ചു മഹര്‍ഷി വാല്മീകി. (ഭൃഗു ഗോത്രത്തിലെ പ്രചേത എന്ന ബ്രാഹ്മണന്റെ മകനായി വാല്മീകി(അഗ്‌നി ശര്‍മ്മ) ജനിച്ചുവെന്നും രണ്ടഭിപ്രായം നിലവിലുണ്ട്. ആദി കവിയായ അദ്ദേഹത്തിന്റെ ജന്മദിനമാണ് വാല്മീകി ജയന്തിയായി നാം ആചരിച്ചുവരുന്നത്. കാട്ടാളനില്‍ നിന്ന് ഈശ്വരാംശം നിറഞ്ഞ മുനിയിലേക്കുള്ള യാത്രയാണ് വാല്‍മീകിയുടെ ജീവിതം. രത്‌നാകരന്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. ഭാര്യയും മക്കളുമായി കാട്ടിലായിരുന്നു വാസം. വഴിപോക്കരെ കൊള്ളയടിച്ചായിരുന്നു ഉപജീവനം. ഒരിക്കല്‍ സപ്തര്‍ഷികള്‍ ആ വഴി വന്നു. രത്‌നാകരന്‍ അവരേയും കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഈ പാപവൃത്തിയുടെ ഫലം ആരെല്ലാം അനുഭവിക്കേണ്ടിവരുമെന്ന ചോദ്യത്തിന് മുന്നില്‍ രത്‌നാകരന് ഉത്തരം മുട്ടി. ഭാര്യയും മക്കളും ഈ പാപഭാരം ചുമക്കുമോയെന്നറിയാന്‍ രത്‌നാകരന്‍ അവരെ സമീപിച്ചു. ‘താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേവരൂ’… ആ മറുപടി രത്‌നാകരന്റെ കണ്ണുതുറപ്പിച്ചു. അവന്‍ സപ്തര്‍ഷികളെ സമീപിച്ചു. ചെയ്തുപോയ അപരാധങ്ങള്‍ക്കെല്ലാം മാപ്പുചോദിച്ചു. ഒരിക്കല്‍പോലും ഈശ്വര ചിന്തയില്ലാതിരുന്ന രത്‌നാകരന്റെ നാവിന് ഭഗവദ് നാമം അത്രവേഗം വഴങ്ങുന്നതായിരുന്നില്ല. അത് മനസ്സിലാക്കിയ സപ്തര്‍ഷികള്‍ ഒരുപായം കണ്ടെത്തി. രാമ രാമ എന്നതിന് പകരം ‘മരാ മരാ’ എന്ന് ജപിക്കാന്‍ നിര്‍ദ്ദേശിച്ചു. ക്രമേണ മരാ മരാ എന്നത് ഭഗവദ് അനുഗ്രഹത്താല്‍ ‘രാമ രാമ ‘എന്നായി മാറി. നാളുകള്‍ പലത് കടന്നുപോയി. തീവ്ര തപസ്സനുഷ്ഠിച്ച രത്‌നാകരന്റെ ശരീരം ചിതല്‍പുറ്റുകൊണ്ട് മൂടി. പുറ്റില്‍ നിന്നും രാമ ശബ്ദം കേട്ട ഋഷിമാര്‍ രത്‌നാകരനെ ചിതല്‍പുറ്റില്‍(വല്മീകം) നിന്നും പുറത്തുകൊണ്ടുവന്നു. ‘വല്മീകം’ ത്തില്‍നിന്നും പുറത്തുവന്നതിനാല്‍ വാല്മീകി എന്ന പേരു ലഭിച്ചു.
ദേവനാഗരി ലിപിയില്‍, സംസ്‌കൃതത്തിലാണ് വാല്മീകിയുടെ രാമായണം എഴുതപ്പെട്ടിരിക്കുന്നത്. 24000 ശ്ലോകങ്ങള്‍ അടങ്ങിയിട്ടുള്ള ഇത് ഏഴ് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്.
ശ്രീരാമന്റെ ഭാര്യയായ സീതയെ തന്റെ ആശ്രമത്തില്‍ സംരക്ഷിക്കുകയും, അവരുടെ മക്കളായ ലവനെയും കുശനെയും വളര്‍ത്തി ആദികാവ്യമായ രാമായണം (രാമചരിതം) പഠിപ്പിച്ചു. അയോധ്യയിലെ ശ്രീരാമന്റെ രാജസദസില്‍ പാരായണവും ചെയ്യിച്ച അദ്ദേഹം രാമായണത്തിലെ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടുന്നു. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരു വ്യക്തി ശ്രേഷ്ഠനായി തീരുന്നതെന്ന ഭാരതീയ സങ്കല്പത്തിന് മറ്റൊരു മകുടോദാഹരണമാണ് വാല്മീകിയുടെ ജീവിതം. ഏവര്‍ക്കും വാല്മീകി ജയന്തി ആശംസകള്‍.
ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂരിലാണ് വാല്മീകി ജനിച്ചതായി വിശ്വസിക്കപ്പെടുന്നത്. ഉത്തരഭാരതത്തില്‍ ഇത് ‘പര്‍ഗത് ദിവസ്’ എന്നറിയപ്പെടുന്നു.
Discussion about this post