കരുനാഗപ്പള്ളി: പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിലെ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ (93) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് 2.40ന് പന്മന ആശ്രമത്തില്‍ വച്ചാണ് സമാധിപ്രാപിച്ചത്.
ജി.കേശവന്‍ നായര്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ നാമം. കൊട്ടാരക്കര ബോയ്സ് വി.എച്ച്.എസ്.ഇയില്‍ നിന്ന് പ്രിന്‍സിപ്പലായി 1988ല്‍ വിരമിച്ചു. ഇതിനുശേഷം സദാനന്ദപുരം അവദൂതാശ്രമത്തിലെയും പന്മന ആശ്രമത്തിലെയും നിത്യസന്ദര്‍ശകനായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംസ്‌കൃതം, വേദാന്തം, ഭഗവത്ഗീത, നാരായണീയം എന്നിവയില്‍ ക്ലാസുകളെടുത്തു. തുടര്‍ന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരില്‍ നിന്ന് 2000 മാര്‍ച്ച് 4ന് ശിവരാത്രി ദിവസം സന്യാസദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് പന്മന ആശ്രമം മഠാധിപതിയായി സ്ഥാനമേറ്റു.
സമാധിയിരുത്തല്‍ ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 3ന് പന്മന ആശ്രമത്തിന് സമീപമുള്ള താമരയില്‍ നടക്കും.
ഭാര്യ: പി.ശാരദാമ്മ (റിട്ട.അദ്ധ്യാപിക,ജി.വി.എസ് യു.പി.എസ് പാങ്ങോട്). മക്കള്‍: പരേതനായ എസ്.കെ.ജയപ്രകാശ് (റിട്ട.നേവി), എസ്.ജയശ്രീ (റിട്ട. ഹെഡ്മിസ്ട്രസ്), പരേതയായ എസ്.കെ.ജയകുമാരി (റിട്ട. അദ്ധ്യാപിക), എസ്.കെ.ജയബാല (റിട്ട. ഹെഡ്മിസ്ട്രസ്), പരേതനായ എസ്.കെ. ജയരാജ്. മരുമക്കള്‍: ഡി.സുധാമണി (റിട്ട. അദ്ധ്യാപിക), എന്‍.ബാലകൃഷ്ണപിള്‌ല (റിട്ട. ഹെഡ്മാസ്റ്റര്‍), പരേതനായ രാധാകൃഷ്ണപിള (റിട്ട.ബി.എസ്.എഫ്), ടി. ആര്‍.ചന്ദ്രബാബു (റിട്ട. എസ്.ഐ).
സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദരുടെ വിയോഗത്തില്‍ ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി. ജ്ഞാനയജ്ഞ കര്‍മ്മപഥത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസിശ്രേഷ്ഠനെയാണ് സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദരുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അദ്ദേഹം ശ്രദ്ധാഞ്ജലി സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post