തിരുവനന്തപുരം: പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട് (95) വിടവാങ്ങി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്തെ ഐശ്വര്യ ബംഗ്ലാവിലായിരുന്നു താമസം. വേദം, സംഗീതം, നൃത്തകല, വിവിധ ഭാഷകള്‍ എന്നിവയിലും അഗാധമായ പാണ്ഡിത്യമായിരുന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമവുമായും പൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായും അദ്ദേഹം വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
തൃപ്പുണിത്തുറ എരൂരിലെ എളപ്രക്കോടത്ത് മന അംഗമാണ്. ഇന്ദിരാഗാന്ധി, ജയലളിത എന്നിവരുള്‍പ്പടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ജ്യോത്സ്യനായിരുന്നു. നിലവില്‍ തലസ്ഥാനത്തെ പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിലെ തന്ത്രിയാണ്. 100 വര്‍ഷത്തെ പഞ്ചാംഗം ഗണിച്ച് എഴുതിയിട്ടുണ്ട്.
ആന്ധ്ര സര്‍ക്കാരിന്റെ ആര്‍ഷ ജ്ഞാനസരസ്വതി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭാര്യ: പൂഞ്ഞാര്‍ കോവിലകത്ത് പരേതയായ ഭവാനിത്തമ്പുരാട്ടി. മക്കള്‍: മഞ്ജുള വര്‍മ്മ (കാത്തലിക് സിറിയന്‍ ബാങ്ക്), അജയവര്‍മ്മ രാജ (ഏഷ്യാനെറ്റ്), രഞ്ജിനി വര്‍മ്മ. മരുമക്കള്‍: മോഹനവര്‍മ്മ (പാലിയേക്കര കൊട്ടാരം, തിരുവല്ല), രസികാവര്‍മ്മ (പൂക്കോട്ടുമഠം, ഇടപ്പള്ളി), ശിവപ്രസാദ് വര്‍മ്മ(റിട്ട.എഫ്.ആര്‍.സി.ടി കൊടുങ്ങല്ലൂര്‍ കോവിലകം). സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ എരൂര്‍ വടക്കുംഭാഗത്ത്
മനയില്‍.
മിത്രന്‍ നമ്പൂതിരിപ്പാടിന്റെ വേര്‍പാടില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി.
Discussion about this post